മെസിയുടെ പേരിലെ തട്ടിപ്പ്: സ്‌പോണ്‍സര്‍ക്ക് കോടികളുടെ കൊള്ളലാഭത്തിന് വഴിയൊരുക്കി ഡി.പി.ആര്‍; വിവരങ്ങള്‍ പുറത്തുവിട്ട് എന്‍. പ്രശാന്തിന്റെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡിപിആര്‍ തയ്യാറാക്കിയതില്‍ വന്‍ ക്രമക്കേട് നടന്നതായി എന്‍. പ്രശാന്ത് സമര്‍പ്പിച്ച രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ തയ്യാറാക്കിയ ഡി.പി.ആര്‍, സ്വകാര്യ സ്‌പോണ്‍സര്‍ക്ക് കോടികളുടെ കൊള്ളലാഭം കൊയ്യാന്‍ പാകത്തിലുള്ളതാണെന്നാണ് കണ്ടെത്തല്‍.
വരവ് കുറച്ചുകാണിച്ചും ചെലവുകള്‍ പെരുപ്പിച്ചു കാണിച്ചുമാണ് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ പദ്ധതിരേഖ തയ്യാറാക്കിയത്. 82 കോടി രൂപ വരുമാനവും 210 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ട്. ഇതുമൂലമുണ്ടാകുന്ന 128 കോടി രൂപയുടെ കമ്മി സര്‍ക്കാര്‍ ബജറ്റ് ഗ്രാന്റിലൂടെ നികത്തണമെന്നും ഡി.പി.ആര്‍ ശുപാര്‍ശ ചെയ്തിരുന്നു.
ടിക്കറ്റ് വില്‍പ്പനയിലൂടെയും സംപ്രേക്ഷണാവകാശത്തിലൂടെയുമുള്ള തുക മാത്രമാണ് വരുമാന കണക്കില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പ്, മെര്‍ച്ചന്‍ഡൈസിംഗ്, കളിക്കാര്‍ക്കൊപ്പമുള്ള സെല്‍ഫി സെഷനുകള്‍, ഗെറ്റ് ടുഗെദര്‍, പ്രത്യേക ടേബിള്‍ ഡിന്നര്‍ തുടങ്ങി വന്‍ തുക ലഭിക്കേണ്ട സ്രോതസ്സുകളെയെല്ലാം പദ്ധതിരേഖയില്‍ നിന്ന് ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നു. ഈ തുക മുഴുവന്‍ സ്‌പോണ്‍സര്‍ക്ക് നേരിട്ട് ലാഭമുണ്ടാക്കാന്‍ വഴിയൊരുക്കുന്ന വിധത്തിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ മെസ്സി നടത്തിയ സന്ദര്‍ശനങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, ഈ ഇവന്റിലൂടെ മാത്രം കുറഞ്ഞത് 200 കോടി രൂപയുടെ ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് എന്‍. പ്രശാന്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.