സംവിധായകൻ രമേഷ് വർമ്മയൊരുക്കുന്ന ബ്രഹ്മാണ്ട പാൻ ഇന്ത്യൻ ചിത്രം "മഹാവീർ കർണ്ണ"യുടെ പുതിയ പോസ്റ്റർ പുറത്തുവന്നു. ചിത്രത്തിലെ നായകനായ രാഘവ ലോറൻസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ മാസ് ലുക്കിലുള്ള പുതിയ പോസ്റ്റർ റിലീസ് ചെയ്തത്. ഇതിഹാസ യോദ്ധാവായ കർണ്ണന്റെ വേഷത്തിലാണ് താരം ചിത്രത്തിൽ എത്തുന്നത്. 'രാക്ഷസുഡു', 'ഖിലാഡി' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രമേഷ് വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പെൻ മൂവീസിന്റെ ബാനറിൽ ജയന്തിലാൽ ഗഡ അവതരിപ്പിക്കുന്ന ചിത്രം, ആർവി സ്റ്റുഡിയോസിന്റെയും ശ്രീ നീലാദ്രി പ്രൊഡക്ഷൻസിന്റെയും സഹകരണത്തോടെയാണ് നിർമ്മിക്കുന്നത്.
ഏകദേശം 150 കോടി രൂപ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. 2027-ൽ ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ ഇതിഹാസ കഥാപാത്രങ്ങളിലൊന്നായ കർണ്ണന്റെ കഥയ്ക്ക് പുതിയൊരു ദൃശ്യഭാഷ നൽകാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസ കഥകളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന തരത്തിൽ വമ്പൻ കാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്.
പുരാതന സാമ്രാജ്യങ്ങളും യുദ്ധഭൂമികളും പുനഃസൃഷ്ടിക്കുന്നതിനായി വലിയ സെറ്റുകളും അത്യാധുനിക വിഷ്വൽ എഫക്ട്സുമാണ് (വിഎഫ്എക്സ്) ചിത്രത്തിൽ ഉപയോഗിക്കുന്നത്. വൈകാരികതയും ആക്ഷനും ഒരുപോലെ നിറഞ്ഞ ഒരു ഇതിഹാസ അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക. മാസ്സ് ആക്ഷൻ ചിത്രങ്ങൾ ഒരുക്കുന്നതിലുള്ള രമേഷ് വർമ്മയുടെ പരിചയസമ്പത്ത് ചിത്രത്തിന് മുതൽക്കൂട്ടാകും. ചിത്രത്തിലെ മറ്റു താരനിരയെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.
ലോറൻസിന്റെ ജന്മദിനത്തിൽ മാസ്സ് ലുക്കിൽ 'മഹാവീർ കർണ്ണ'; പുതിയ പോസ്റ്റർ പുറത്ത്