മഹാനവമി, വിജയദശമി ദിനങ്ങളിൽ കൊച്ചി വാട്ടർ മെട്രോയിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടു. ഒക്ടോബർ 20-ാം തീയതി മഹാനവമി ദിനത്തിൽ മാത്രം 15,507 പേരാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. ഇതിൽ ഹൈക്കോർട്ട്-ഫോർട്ട്കൊച്ചി റൂട്ടിലാണ് ഏറ്റവും കൂടുതൽ യാത്രാത്തിരക്ക് അനുഭവപ്പെട്ടത്. തൊട്ടടുത്ത ദിവസമായ ഒക്ടോബർ 21 വിജയദശമി ദിനത്തിൽ 11,074 പേരും വാട്ടർ മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തി.
വാട്ടർ മെട്രോയുടെ ചരിത്രത്തിൽ ഇതിനുമുൻപ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് കഴിഞ്ഞ ക്രിസ്മസ്-പുതുവത്സര സീസണിലാണ്. 2025 ഡിസംബർ 28-ന് 17,050 പേർ യാത്ര ചെയ്തതാണ് ഒരു ദിവസത്തെ ഏറ്റവും ഉയർന്ന റെക്കോർഡ് റൈഡർഷിപ്പ്. 2023 ഡിസംബർ 31-ന് 16,162 പേരും 2025 ഡിസംബർ 27-ന് 15,518 പേരും യാത്ര ചെയ്തിരുന്നു. ഇത് കഴിഞ്ഞാൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന യാത്രാത്തിരക്കാണ് ഇത്തവണത്തെ പൂജ അവധി ദിനങ്ങളിൽ രേഖപ്പെടുത്തിയത്.
2023 ഏപ്രിലിൽ സർവീസ് ആരംഭിച്ചതിന് ശേഷം ഇതുവരെ 79,29,051 പേരാണ് കൊച്ചി വാട്ടർ മെട്രോ ഉപയോഗപ്പെടുത്തിയത്. നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും യാത്രാശീലങ്ങളിൽ വാട്ടർ മെട്രോ എത്രത്തോളം വേഗത്തിൽ ഇടംനേടിയെന്നതിന്റെ തെളിവാണ് ഈ ഉയർന്ന കണക്കുകൾ. കൊച്ചിയുടെ കായലോര ഭംഗി ആസ്വദിച്ച് സുരക്ഷിതമായും വേഗത്തിലും യാത്രാലക്ഷ്യ സ്ഥാനങ്ങളിൽ എത്തിച്ചേരാൻ സാധിക്കുന്നത് നഗരഗതാഗത രംഗത്ത് വലിയൊരു മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.
പൂജ അവധി ദിനങ്ങളിൽ ജനപ്രിയ യാത്രയായി കൊച്ചി വാട്ടർ മെട്രോ; റൈഡർഷിപ്പ് 79 ലക്ഷം കടന്നു.