മൂന്നാറിൽ ശൈത്യകാലത്തിന് തുടക്കമായി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 6 ഡിഗ്രി സെൽഷ്യസ് മൂന്നാറിൽ രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിലാണ് താപനില ആറ് ഡിഗ്രിയിലേക്ക് താഴ്ന്നത്. ശൈത്യത്തിന്റെ വരവറിയിച്ച് പുൽമേടുകളിലും തേയിലച്ചെടികളിലും മഞ്ഞുകണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
കുണ്ടള, മാട്ടുപ്പെട്ടി മേഖലകളിൽ എട്ട് ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില. ലാക്കാട്, ചെണ്ടുവര, ചിറ്റുവര, തെന്മല, ലക്ഷ്മി തുടങ്ങിയ വിദൂര എസ്റ്റേറ്റ് മേഖലകളിലും ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. പകൽ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും രാത്രിയിലും പുലർച്ചെയുമാണ് തണുപ്പിന്റെ കാഠിന്യം ഏറുന്നത്. വരും ദിവസങ്ങളിൽ മൂന്നാർ മേഖലയാകെ അതിശൈത്യത്തിന്റെ പിടിയിലമരുമെന്നാണ് കരുതുന്നത്.
ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മൂന്നാറിലെ താപനില പൂജ്യത്തിന് താഴേക്ക് (മൈനസ്) എത്തുവാൻ സാധ്യതയുണ്ട്. സീസൺ ആരംഭിച്ചതോടെ മൂന്നാറിലെ ശൈത്യകാല കാലാവസ്ഥ ആസ്വദിക്കാനായി എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ വർധനവുണ്ടാകും.
തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം