ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. ആവേശം നിറഞ്ഞ ആദ്യ മത്സരത്തിൽ നേപ്പാളിനെ 15 റൺസിനാണ് കേരളം പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 331 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാൾ 22.3 ഓവറിൽ 3 വിക്കറ്റിന് 134 റൺസെടുത്തു നിൽക്കെ മഴ വില്ലനായി എട്ടുകയായിരുന്നു. തുടർന്ന് വിജെഡി (VJD) നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിച്ചു. കേരളത്തിന് വേണ്ടി തകർപ്പൻ സെഞ്ച്വറി നേടിയ അഹമ്മദ് ഇമ്രാനാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ കൃഷ്ണപ്രസാദിന്റെ (0) വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും അഭിഷേക് പി. നായരും ചേർന്ന് 95 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ ശക്തമായ നിലയിലെത്തിച്ചു. രോഹൻ 44 റൺസും അഭിഷേക് 56 റൺസുമെടുത്ത് പുറത്തായി.
തുടർന്ന് ക്രീസിലെത്തിയ അഹമ്മദ് ഇമ്രാന്റെ തകർപ്പൻ ഇന്നിങ്സാണ് കേരളത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഷോൺ റോജർ (19), മുഹമ്മദ് അസറുദ്ദീൻ (55) എന്നിവർക്കൊപ്പം മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ ഇമ്രാൻ 49-ആം ഓവറിലാണ് പുറത്തായത്. 108 പന്തുകൾ നേരിട്ട താരം 12 ബൗണ്ടറിയും 2 സിക്സുമടക്കം 122 റൺസ് വാരിുകൂട്ടി. നേപ്പാളിന് വേണ്ടി ആകാശ് ചന്ദ് മൂന്നും ബിപിൻ ഖത്രി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
332 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാളിന് തുടക്കത്തിൽ തന്നെ മായൻ യാദവിന്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന അർജുൻ കുമലും ദേവ് ഖനലും ചേർന്ന് 94 റൺസ് കൂട്ടിച്ചേർത്ത് നേപ്പാളിന് പ്രതീക്ഷ നൽകി. എന്നാൽ 41 പന്തിൽ 57 റൺസെടുത്ത ദേവ് ഖനൽ റണ്ണൗട്ടായതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. തൊട്ടുപിന്നാലെ 50 റൺസെടുത്ത അർജുൻ കുമലിനെ ആസിഫ് സലാം എൽ.ബി.ഡബ്ല്യുവിൽ കുടുക്കി. നേപ്പാൾ 134-ൽ നിൽക്കെ കനത്ത മഴയെ തുടർന്ന് മത്സരം തടസ്സപ്പെടുകയും ഒടുവിൽ വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയുമായിരുന്നു.