തിരുവനന്തപുരം: കേരളത്തിലെ നാളികേര മേഖലയെ ആധുനികവത്കരിക്കുന്നതിനും കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനുമായി പ്രത്യേക 'കോകനട്ട് വാല്യൂ അഡിഷന്‍ പാര്‍ക്ക്' ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരും നാളികേര വികസന ബോര്‍ഡും മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയതല ലോക നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ക്കിനായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പൂര്‍ണ്ണ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടക, തമിഴ്നാട് തുടങ്ങിയ അയല്‍സംസ്ഥാനങ്ങളിലേതുപോലെ ശാസ്ത്രീയമായ നടീല്‍രീതികളും രോഗനിയന്ത്രണവും നടപ്പാക്കി കേരളത്തിലും ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. നാളികേരാധിഷ്ഠിത വ്യവസായങ്ങള്‍ക്കും മൂല്യവര്‍ധിത ഉല്‍പ്പന്ന വികസനത്തിനും പ്രാധാന്യം നല്‍കുന്ന കോകനട്ട് പാര്‍ക്ക് ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും കാര്‍ഷിക കുടിശ്ശികകള്‍ തീര്‍ക്കാനും സംഭരണം കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 'കോകനട്ട് റീജുവനേഷന്‍ പ്ലാന്‍' നടപ്പാക്കുമെന്നും, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായി 'കോകനട്ട് ഡെവലപ്‌മെന്റ് പാര്‍ക്ക്' സ്ഥാപിക്കുന്നതിനുള്ള ഭൂമി ഇതിനകം ക്രമീകരിച്ചിട്ടുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു. മുന്‍കാലങ്ങളില്‍ തിരിച്ചടി നേരിട്ട നീര പദ്ധതി, കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍ (FPOs) എന്നിവയുടെ പ്രവര്‍ത്തനം പഠിച്ച് പുനരുജ്ജീവിപ്പിക്കുന്നതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. അടുത്ത മൂന്ന് മാസത്തിനകം കയറ്റുമതിക്കാരെയും സംരംഭകരെയും പങ്കെടുപ്പിച്ച് B2B മീറ്റുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നാളികേര കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും മേഖലയുടെ സമഗ്ര വികസനത്തിനുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ സഹമന്ത്രി രാം നാഥ് ഠാക്കൂര്‍ ഉറപ്പുനല്‍കി. ചടങ്ങില്‍ മികച്ച കേര കര്‍ഷകര്‍ക്കുള്ള ദേശീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയും 15 ആഴ്ച നീളുന്ന 'നന്മ നിറഞ്ഞ നാളികേരം' റേഡിയോ പരമ്പര ലോഞ്ച് ചെയ്യുകയും ചെയ്തു. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്‍, നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സുബ നാഗരാജന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
കേരളത്തില്‍ 'കോകനട്ട് പാര്‍ക്ക്': കേന്ദ്ര സഹകരണം തേടി സംസ്ഥാനം; സമഗ്ര മാറ്റത്തിന് 'കോകനട്ട് റീജുവനേഷന്‍ പ്ലാന്‍'