ടെഹ്റാന്‍: പശ്ചിമേഷ്യന്‍ മേഖലയില്‍ അമേരിക്കയും ഇറാന്നും തമ്മിലുള്ള സൈനിക-സാമ്പത്തിക പോരാട്ടം കൂടുതല്‍ വഷളാകുന്നു. സമുദ്രത്തിനടിയില്‍ അയ്യായിരത്തിലധികം മീറ്റര്‍ ആഴത്തില്‍ തുടര്‍ച്ചയായി 10 ദിവസത്തോളം നീളുന്ന ദൗത്യങ്ങള്‍ നടത്താന്‍ ശേഷിയുള്ള അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ഇറാന്‍ സൈന്യം കസ്റ്റഡിയിലെടുത്തു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഇറാന്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. സ്വന്തം അധീനതയിലുള്ള മൂന്ന് എണ്ണ ടാങ്കറുകള്‍ക്ക് നേരെ അമേരിക്കന്‍ ഭീഷണിയുണ്ടെന്ന് ആരോപിച്ച ഇറാന്‍, ശക്തമായ തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പും നല്‍കി.
അതേസമയം, ഇറാന് മേലുള്ള സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇറാനുമായി ബന്ധമുള്ള 36 സ്ഥാപനങ്ങള്‍ക്കെതിരെ യു.എസ് പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. ഇതിനിടെ, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രങ്ങളായ ഖര്‍ഗ് ദ്വീപിലും ജസകിലും ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, മേഖലയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.
യുഎസ് ആളില്ലാ മുങ്ങിക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു; ഖാര്‍ഗ് ദ്വീപിന് സമീപം തിരിച്ചടിച്ച് അമേരിക്ക, ഉപരോധം ശക്തം