വിദ്യാർത്ഥികള്‍ക്ക് മുന്നറിയിപ്പ് നൽകാതെ പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷ 2024 മാർച്ചിലെ രണ്ടാം വർഷ പരീക്ഷയുടെ കൂടെ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കെഎസ്‌യു. സാധാരണയായി ഫലം വന്നതിനു ശേഷം സെപ്റ്റംബറിലോ ഒക്ടോബറിലോ ആണ് ഇംപ്രൂവ്മെന്‍റ് പരീക്ഷ നടത്താറുള്ളത്. എന്നാല്‍ ധൃതി പിടിച്ചുള്ള തീരുമാനം വിദ്യാർത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി പി സനൂജ് ചൂണ്ടിക്കാട്ടി.
ഹയർ സെക്കൻഡറിയിൽ ഒരു വർഷം മൂന്നോ നാലോ പൊതു പരീക്ഷകൾ നടത്തുക വഴി അധ്യായന ദിവസങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഇംപ്രൂവ്മെന്‍റ് പരീക്ഷ പൊതുപരീക്ഷയുടെ കൂടെ മാർച്ചിൽ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.എന്നാൽ ധൃതി പിടിച്ചുള്ള ഈ തീരുമാനം നേരത്തെ കുട്ടികളെ അറിയിക്കാത്തത് കൊണ്ട് ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതാൻ കാത്തിരിക്കുന്ന കുട്ടികളോട് കാണിക്കുന്ന അനീതിയാണ്. മാത്രവുമല്ല സാധാരണഗതിയിൽ പത്താം ക്ലാസ് കഴിഞ്ഞ് പുതിയ ഒരു മീഡിയത്തിലേക്ക് കടന്നുവരുന്ന കുട്ടികൾ ഒന്നാം വർഷ പരീക്ഷയിലെ മാർക്കിലെ കുറവ് പരിഹരിക്കുന്നത് പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷയിലൂടെയാണ്. ഈ പരീക്ഷ അടുത്തവർഷം മാർച്ചിലെ രണ്ടാം വർഷ പരീക്ഷയുടെ കൂടെ നടത്തുമ്പോൾ വേണ്ടത്ര മുന്നൊരുക്കം നടത്താൻ കുട്ടികൾക്ക് സാധിക്കില്ല.
ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ഈ വർഷം കൂടിയെങ്കിലും പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷ സാധാരണ പോലെ സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തിൽ നടത്തി കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കാന്‍ തയാറാകണമെന്നും കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി പി സനൂജ് ആവശ്യപ്പെട്ടു.