"തൊരപ്പൻ പണി കാണിച്ചാൽ വെച്ചുപൊറുപ്പിക്കില്ല; വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കേണ്ട"; രാഷ്ട്രീയ ആക്രമണങ്ങളെ തള്ളി ആരോഗ്യമന്ത്രി
സംസ്ഥാന ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത അച്ചടക്ക നടപടികളും വൻ അഴിച്ചുപണിയും പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. സർക്കാരുമായി സഹകരിക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥരെ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിനെ (ഡിഎച്ച്എസ്) സ്ഥാനത്തുനിന്നും മാറ്റിയത് ആശയവിനിമയത്തിൽ ബോധപൂർവ്വം വീഴ്ച വരുത്തിയതിനാലാണെന്ന് തുറന്നടിച്ചു. പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങൾക്കും കടുത്ത ഭാഷയിലാണ് മന്ത്രി മറുപടി നൽകിയത്.
നിപ പരിശോധനാ ഫലം ലഭിച്ചിട്ടും അത് ഔദ്യോഗികമായി മന്ത്രിയെ അറിയിക്കുന്നതിൽ ഡി.എച്ച്.എസ് ഗുരുതരമായ വീഴ്ച വരുത്തിയതായി മന്ത്രി കെ. മുരളീധരൻ ആരോപിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ പൂനെയിൽ നിന്ന് നിപ ഫലം പോസിറ്റീവാണെന്ന വിവരം വന്നിട്ടും അന്നത്തെ ഡി.എച്ച്.എസ് ഇക്കാര്യം മന്ത്രിയിൽ നിന്ന് മറച്ചുവെച്ചു. താൻ പത്രസമ്മേളനം നടത്തുന്ന അഞ്ചര മണി വരെ ഔദ്യോഗിക വിവരം നൽകിയില്ല. ഈ വിവരം തനിക്ക് ലഭിക്കുന്നതിന് മുൻപേ കോഴിക്കോട്ടെ മാധ്യമപ്രവർത്തകർ അറിഞ്ഞിരുന്നു. സർക്കാരുമായി പൂർണ്ണമായി സഹകരിക്കാതെ ആശയവിനിമയത്തിൽ ബോധപൂർവ്വമായ തടസ്സങ്ങൾ സൃഷ്ടിക്കുകയും തൊരപ്പൻ പണി കാണിക്കുകയും ചെയ്തതിനാലാണ് ഡി.എച്ച്.എസിനെ മാറ്റിയതെന്നും ഇത് അച്ചടക്ക നടപടിയാണെന്നും മന്ത്രി വ്യക്തമാക്കി. നിപ പ്രതിരോധത്തിൽ ജില്ലാ കളക്ടറുമായി ആശയവിനിമയം നടത്തുന്നതിലും വിടവ് ഉണ്ടായതായി മന്ത്രി സൂചിപ്പിച്ചു.
മന്ത്രി തിരുവനന്തപുരത്തിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിമർശനങ്ങളെ മന്ത്രി കെ. മുരളീധരൻ ശക്തമായി തള്ളിപ്പറഞ്ഞു. എപ്പോഴും കോഴിക്കോട് എത്താൻ തനിക്ക് ബുദ്ധിമുട്ടില്ലെന്നും, വന്ദേ ഭാരത് ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ അവിടെയെത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. "അമേരിക്ക വരെ പോകുന്ന ദൂരമൊന്നും കോഴിക്കോട്ടേക്കില്ലല്ലോ. അമേരിക്കയിലിരുന്ന് മന്ത്രിസഭാ യോഗം നടത്തിയ ആളാണ് ഇപ്പോൾ തിരുവനന്തപുരത്തിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നതിനെതിരെ സംസാരിക്കുന്നത്. കൂടുതലൊന്നും പറയുന്നില്ല," എന്ന് മന്ത്രി പരിഹസിച്ചു.
തന്നെ രാഷ്ട്രീയമായി ആക്രമിക്കുന്നതിലൊന്നും കുഴപ്പമില്ലെന്നും ഇതൊക്കെ താൻ കുറെ കണ്ടതാണെന്നും മന്ത്രി പ്രതികരിച്ചു. വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന് വിചാരിച്ചാൽ അതൊന്നും തന്നോട് നടപ്പില്ലെന്നായിരുന്നു വിമർശകർക്കുള്ള മന്ത്രിയുടെ മറുപടി. നിപ ബാധിതനായ രോഗിയുടെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ വലിയ പോരാട്ടമാണ് നടത്തുന്നത്. അതുകൊണ്ട് ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി ആരോഗ്യവകുപ്പിനെ തകർക്കാൻ ശ്രമിക്കരുതെന്നും, ഡോക്ടർമാർ മുതൽ ക്ലീനിംഗ് സ്റ്റാഫ് വരെയുള്ളവർ സർക്കാരിനോട് ആത്മാർത്ഥമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി അഭ്യർത്ഥിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.