ഹാപ്പി ലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഉണ്ടായ അപകടം; അടിയന്തരമായി അടച്ചുപൂട്ടാൻ ഉത്തരവിട്ട് സര്‍ക്കാര്‍; ചികിത്സയിലുള്ളവർക്ക് പൂർണ്ണ സഹായം
തിരുവനന്തപുരത്തെ 'ഹാപ്പി ലാന്‍ഡ്' അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഉണ്ടായ അപകടത്തെത്തുടര്‍ന്ന് പാര്‍ക്ക് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍. അപകടത്തെക്കുറിച്ച് ജില്ലാ കളക്ടറുമായി സംസാരിച്ച് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചതായും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.
പാര്‍ക്കിന് പഞ്ചായത്ത് നല്‍കിയിട്ടുള്ള അനുമതി പുനഃപരിശോധിക്കാനും ലൈസന്‍സ് റദ്ദാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ജില്ലാ ഭരണകൂടം വഴി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൃത്യമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇനി പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുകയുള്ളൂ എന്ന് മന്ത്രി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കാലത്ത് ഇതേ പാര്‍ക്കില്‍ മുന്‍പും അപകടം സംഭവിക്കുകയും ഒരു കുട്ടി മരണപ്പെടുകയും ചെയ്തിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത്തരമൊരു സാഹചര്യം ഉണ്ടായിട്ടും യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം മുന്നോട്ട് പോയതെന്നും ഇതാണ് വീണ്ടും അപകടമുണ്ടാകാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനം നല്‍കിയ ലൈസന്‍സ് റദ്ദാക്കി വേണ്ട പരിശോധനകള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും അടിയന്തരമായി സുരക്ഷാ പരിശോധന നടത്താന്‍ വകുപ്പിന് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു..
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.