Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അതിതീവ്ര മഴ : ഡാം തുറക്കൽ വിദഗ്ധ സമിതി തീരുമാനിക്കും ; ശബരിമല തീര്‍ഥാടനം ഒഴിവാക്കും ; കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി

അതിതീവ്ര മഴ : ഡാം തുറക്കൽ വിദഗ്ധ സമിതി തീരുമാനിക്കും ; ശബരിമല തീര്‍ഥാടനം ഒഴിവാക്കും ; കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി
തിരുവനന്തപുരം : അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തീരുമാനിക്കും. തുറക്കുന്നതിന് മണിക്കൂറുകള്‍ക്കു മുൻപ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഡാം പെട്ടെന്ന് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണിത്. സംസ്ഥാനത്ത് നിലവിൽ 184 ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. ക്യാംപുകളില്‍ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം. റവന്യൂ വകുപ്പിന് പുറമേ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക കൂട്ടായ്മകളുടെ സഹായം തേടണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ അടക്കം രക്ഷാപ്രവർത്തനങ്ങളിൽ കേന്ദ്ര–സംസ്ഥാന ഏജന്‍സികളും നാട്ടുകാരും യോജിച്ച് നീങ്ങുന്നുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ നിര്‍ബന്ധമായും മാറ്റി പാര്‍പ്പിക്കണം. നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങളെ കയറ്റി വിടരുത്. ധനസഹായ വിതരണം ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കൃഷി നാശം സംബന്ധിച്ച വിശദ വിവരങ്ങള്‍ ജില്ലകളില്‍നിന്ന് ലഭ്യമാക്കണം. ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീർത്ഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കാൻ അവലോകന യോഗം തീരുമാനിച്ചു. നിലയ്ക്കല്‍, പെരുന്തേനരുവി മേഖലയില്‍ ഞായറാഴ്ച തന്നെ 20 സെന്റീമീറ്ററിലധികം മഴ പെയ്തിരുന്നു. കക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യവും വന്നിരിക്കുന്നു. നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വനമേഖലയിലെ കനത്ത മഴ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. ബുധനാഴ്ച മുതല്‍ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ തീർത്ഥാടനം അനുവദിക്കാൻ കഴിയില്ലെന്ന് യോഗം വിലയിരുത്തി. നേരത്തേ നിലക്കലില്‍ എത്തിയ തീർത്ഥാടകരെ സുരക്ഷിതമായി മടക്കി അയയ്ക്കാന്‍ ജില്ലാ ഭരണ സംവിധാനത്തിന് നിര്‍ദേശം നല്‍കിയിരുന്നു. കോളജുകള്‍ തുറക്കുന്നത് ഒക്‌ടോബര്‍ 25ലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടു ജില്ലകളിലാണ് കൂടുതല്‍ മഴക്കെടുതി ഉണ്ടായത്. ബുധനാഴ്ച മുതല്‍ തുടര്‍ന്നുള്ള 2-3 ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയും പെയ്യാനിടയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുലാവര്‍ഷം വന്നതായി ഇതുവരെ കാലാവസ്ഥാ വകുപ്പ് കണക്കാക്കിയിട്ടില്ല. എന്നാല്‍ തുലാവര്‍ഷ കണക്കില്‍ കേരളത്തില്‍ ലഭിക്കേണ്ട 84 ശതമാനം മഴയും ഒക്ടോബറില്‍ ആദ്യ 17 ദിവസം കൊണ്ടു ലഭിച്ചു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന സീസണ്‍, ചുഴലിക്കാറ്റ് സീസണ്‍ കൂടിയായതിനാല്‍ ഇത്തവണ കൂടുതല്‍ ന്യുന മര്‍ദങ്ങളും ചുഴലിക്കാറ്റുകളും പ്രതീക്ഷിക്കുന്നുണ്ട്. പത്തനംതിട്ടയിലെ കക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ അടിയന്തര സാഹചര്യത്തില്‍ തുറക്കേണ്ട ആവശ്യം വന്നാൽ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഒരു എന്‍ഡിആര്‍എഫ് ടീമിനെ ആലപ്പുഴ ജില്ലയിലേക്ക് വിന്യസിച്ചു. വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ പത്തനംതിട്ട ജില്ലയിലെ കക്കി, മൂഴിയാര്‍ തൃശൂര്‍ ജില്ലയിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ലോവര്‍ പെരിയാര്‍, മൂഴിയാര്‍ എന്നീ അണക്കെട്ടുകളില്‍ തിങ്കളാഴ്ച രാവിലെ 7 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണ പട്ടികയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മാട്ടുപ്പെട്ടി, പൊന്മുടി, പമ്പ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടു പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ ഇടമലയാറിൽ ബ്ലൂ ഓറഞ്ച് പ്രഖ്യപിച്ചു. ജലസേചന വകുപ്പിന്റെ പീച്ചി, ചിമ്മണി ഡാമുകളുടെ ജലനിരപ്പ് റെഡ് അലര്‍ട്ടിലാണ്. കല്ലട, ചുള്ളിയാര്‍, മീങ്കര, മലമ്പുഴ, മംഗളം ഓറഞ്ച് അലര്‍ട്ടിലും, വാഴാനി, പോത്തുണ്ടി ബ്ലൂ അലര്‍ട്ടിലുമാണ്. രക്ഷാപ്രവർത്തനങ്ങളും മുൻകരുതലുകളും സൂക്ഷ്മമായി വിലയിരുത്തി അതാത് സമയത്ത് ഇടപെടാനുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. യോഗത്തില്‍ റവന്യൂ, വൈദ്യുതി വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.  

Related articles

See all
Popular News

ബംഗാള്‍ ഉള്‍ക്കടലില്‍ 'മുറസു' ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തില്‍ 3 ദിവസം ശക്തമായ മഴയ്ക...

Popular News

കേരളം എഴുപതിന്റെ നിറവില്‍; നിയമനിര്‍മ്മാണ പാരമ്പര്യത്തിന്റെ ഓര്‍മ്മകളുമായി നിയമസഭയില്‍ മുന...

Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Save your stories

Sign in