"സഭയിൽ വെച്ച് എല്ലൊടിക്കും"; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ വധഭീഷണി; ഡിഎംകെ എംഎൽഎ ജി.വി. മാർക്കണ്ഡേയൻ അറസ്റ്റിൽ
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ ഡിഎംകെ എംഎൽഎ ജി.വി. മാർക്കണ്ഡേയൻ അറസ്റ്റിലായി. വിലാത്തിക്കുളം മണ്ഡലത്തിലെ ജനപ്രതിനിധിയായ ഇദ്ദേഹത്തെ തിങ്കളാഴ്ച പുലർച്ചെ സ്വന്തം വീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തമിഴക വെട്രി കഴകം (ടിവികെ) ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
കോവിൽപട്ടിയിൽ നടന്ന പൊതുസമ്മേളനത്തിൽ വെച്ചായിരുന്നു മാർക്കണ്ഡേയൻ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയത്. പുലർച്ചെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പോലീസ് സംഘത്തെ എംഎൽഎയുടെ അനുയായികൾ തടയാൻ ശ്രമിച്ചത് പ്രദേശത്ത് വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് പ്രതിഷേധക്കാരെ ബലമായി നീക്കിയ ശേഷമാണ് പോലീസിന് എംഎൽഎയുമായി മടങ്ങാൻ സാധിച്ചത്. ചോദ്യം ചെയ്യലിനായി എസ്പി ഓഫീസിലേക്ക് മാറ്റിയ ഇദ്ദേഹത്തെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും.
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു മാർക്കണ്ഡേയന്റെ വിവാദ പ്രസംഗം. നിയമസഭയിൽ വെച്ച് മുഖ്യമന്ത്രി വിജയ്‌യെ അടുത്തുകിട്ടിയാൽ എല്ല് ഒടിക്കുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ഭീഷണി. വിജയ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയതിന് നേരത്തെ മറ്റൊരു ഡിഎംകെ എംഎൽഎയായ അനിത രാധാകൃഷ്ണനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിനെ തുടർന്നായിരുന്നു അന്ന് അനിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.