പൂനെ: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും പ്രധാന ചര്‍ച്ചയാക്കി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന 'ഛാത്രോം കീ ഗൂഞ്ച്' പരിപാടിയുടെ നാലാം ഘട്ടം ഇന്ന് പൂനെയില്‍ നടക്കും. പൂനെയിലെ എസ്.എസ്.പി.എം.എസ് കോളേജ് മൈതാനത്ത് വൈകുന്നേരം നടക്കുന്ന പരിപാടി പൂര്‍ണ്ണമായും വിദ്യാര്‍ത്ഥിനികള്‍ക്കായി മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതിനുമുന്‍പ് രാജസ്ഥാനിലെ കോട്ട, ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍, ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.
വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍, തൊഴിലവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പരിപാടിയില്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളുമായി നേരിട്ട് ചര്‍ച്ച ചെയ്യുന്നത്. രാജ്യവ്യാപകമായി 800-ഓളം ചെറുകിട നഗരങ്ങളിലും പട്ടണങ്ങളിലും 'ഛാത്രോം കീ ഗൂഞ്ച്' സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. മുന്‍പ് സംഘടിപ്പിച്ച പരിപാടികളില്‍ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ചും, പേപ്പര്‍ ചോര്‍ച്ച സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്നതിനെക്കുറിച്ചും രാഹുല്‍ ഗാന്ധി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതിനിടെ, ഡല്‍ഹി ജന്തര്‍മന്തറില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കണ്ണിലെ കാഴ്ച നഷ്ടപ്പെട്ട സാഹില്‍ എന്ന വിദ്യാര്‍ത്ഥിക്കായി രാഹുല്‍ ഗാന്ധി 6 മണിക്കൂര്‍ ഡല്‍ഹി പോലീസിന് മുന്‍പില്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് അജ്ഞാതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
'ഛാത്രോം കീ ഗൂഞ്ച്': രാഹുല്‍ ഗാന്ധി ഇന്ന് പൂനെയില്‍; വിദ്യാര്‍ഥിനികളുമായി സംവദിക്കും