സിസേറിയനും ഫാഷന്‍ വേദിയിലേക്ക്! ശ്രദ്ധനേടി മിസ് വേള്‍ഡ് ഉഗാണ്ടയുടെ 'സിസേറിയന്‍ ഗൗണ്‍'
സിസേറിയന്‍ ശസ്ത്രക്രിയയും ഫാഷനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ ഇനി 'ഉണ്ട്' എന്ന് പറയേണ്ടി വരും. സാധാരണയായി ഓപ്പറേഷന്‍ തിയേറ്ററുകളില്‍ മാത്രം കണ്ടുവരുന്ന ഒരു മെഡിക്കല്‍ പ്രക്രിയയെ അതിമനോഹരമായ ഒരു വസ്ത്രമാക്കി മാറ്റി ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് മിസ് വേള്‍ഡ് ഉഗാണ്ട മത്സരാര്‍ത്ഥിയായ ട്രിവിയ എല്ലെ മുഹോസ.
ഫാഷന്‍ ലോകം എന്നും തേടുന്നത് പുതുമകളെയാണ്. ഇത്തവണ മിസ് വേള്‍ഡ് ഉഗാണ്ട വേദിയെ ഞെട്ടിച്ചത് അല്പം 'ആരോഗ്യപര' ആയ ഒരു പരീക്ഷണമാണ്. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ നടത്തുന്ന സിസേറിയന്‍ ശസ്ത്രക്രിയയിലെ വിവിധ ഘട്ട അടിസ്ഥാനമാക്കി നിര്‍മ്മിച്ച 'ദി ലയേഴ്സ് ഓഫ് ലൈഫ്' അഥവാ ജീവിതത്തിന്റെ അടരുകള്‍ എന്നു പേരിട്ട ഗൗണ്‍ അണിഞ്ഞാണ് ട്രിവിയ എല്ലെ മുഹോസ ക്യാമറകള്‍ക്ക് മുന്നിലെത്തിയത്.
ഒരു സിസേറിയന്‍ ശസ്ത്രക്രിയയില്‍ ഗര്‍ഭപാത്രത്തിലെ കുഞ്ഞിലേക്ക് എത്തുന്നതിനായി ഡോക്ടര്‍ മുറിക്കുന്ന ശരീരഭാഗങ്ങളെയാണ് ഈ വസ്ത്രം പ്രതീകവല്‍ക്കരിക്കുന്നത്. ഓപ്പറേഷന്‍ കത്തി കടന്നു പോകുന്ന ശരീരത്തിലെ ഏഴു പാളികളെയാണ് ഈ വസ്ത്രം സൂചിപ്പിക്കുന്നു. അമ്മയുടെ ശരീര ചര്‍മ്മമാണ് ആദ്യം മുറിക്കുന്നത്. തുടര്‍ന്ന് കൊഴുപ്പിന്റെ പാളിയും അതിനു ശേഷം ഫാസിയ എന്ന ലെയറും തുടര്‍ന്ന് പേശികളും മുറിക്കുന്നു. അതിനു ശേഷമാണ് പെരിറ്റോണിയത്തിലെത്തുന്നത്. അതിനും ശേഷമാണ് ഗര്‍ഭപാത്രത്തിലും അമ്നിയോട്ടിക് സാക്കിലും ഓപ്പറേഷന്‍ കത്തി എത്തിച്ചേരുന്നത്. ഈ ഏഴ് അടരുകളും കടന്നുപോകുമ്പോഴാണ് ഒരു ജീവന്‍ ഭൂമിയിലേക്ക് എത്തുന്നത്. ഈ കഠിനമായ യാത്രയെയും സ്ത്രീശരീരത്തിന്റെ കരുത്തിനെയുമാണ് വസ്ത്രത്തിലൂടെ ഡിസൈനര്‍ ആവിഷ്‌കരിച്ചത്.
സാധാരണയായി ഭയത്തോടെ മാത്രം നോക്കിക്കാണുന്ന ഒരു ശസ്ത്രക്രിയയെ കലയാക്കി മാറ്റുക എന്നതായിരുന്നു ഡിനൈര്‍ കീഷ അബ്ദുള്ളയുടെ ലക്ഷ്യം. ഓപ്പറേഷന്‍ തിയേറ്ററില്‍ മാത്രം കണ്ടിട്ടുള്ള ഒന്നില്‍ നിന്ന് കലയുണ്ടാക്കുകയായിരുന്നു അവര്‍ ചെയ്തത്. ശസ്ത്രക്രിയാ മുറിയില്‍ ഡോക്ടര്‍ കീറിമുറിക്കുന്ന ഓരോ പാളിയും കുഞ്ഞിലേക്കുള്ള ദൂരം കുറയ്ക്കുക മാത്രമല്ല, സ്ത്രീയുടെ ശരീരത്തെയും അവള്‍ പുതിയൊരു ജീവന്‍ നല്‍കാന്‍ നടത്തുന്ന പോരാട്ടത്തെയും കുറിച്ചുള്ള വലിയൊരു കഥ കൂടിയാണ് പറയുന്നത് എന്ന് ഈ വസ്ത്രം വിളിച്ചു പറയുന്നു.
ട്രിവിയ എല്ലെ മുഹോസ ഈ വസ്ത്രമണിഞ്ഞ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. മാതൃത്വം, സ്ത്രീകളുടെ ആരോഗ്യം, പ്രസവ സംബന്ധമായ അവബോധം എന്നിവയ്ക്ക് ഫാഷനിലൂടെ നല്‍കുന്ന ഈ പിന്തുണയെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഒരുപോലെ പ്രശംസിക്കുന്നു.സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമുള്ള അവബോധം വളര്‍ത്താന്‍ ഇത്തരം പരീക്ഷണങ്ങള്‍ സഹായിക്കുമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ചില ഫാഷനുകള്‍ നിങ്ങളെ ഒന്ന് നോക്കാന്‍ പ്രേരിപ്പിക്കും, എന്നാല്‍ ഈ വസ്ത്രം നിങ്ങളെ ചിന്തിപ്പിക്കും. ഫാഷന്‍ കേവലം കാഴ്ചയ്ക്കുള്ളതല്ല, മറിച്ച് വലിയ സന്ദേശങ്ങള്‍ നല്‍കാനുള്ള ആയുധം കൂടിയാണെന്ന് ഈ 'സിസേറിയന്‍ ഗൗണ്‍' തെളിയിക്കുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.