സുൽത്താൻ ബത്തേരി: അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയതോടെ പ്രതി റിമാൻഡിൽ തുടരും. പ്രാരംഭ ഘട്ടത്തിലുള്ള അന്വേഷണം, പിടിച്ചെടുത്ത മദ്യത്തിന്റെ വൻ അളവ്, പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം എന്നിവ കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്.
വീട്ടിൽ നിന്ന് വൻതോതിൽ മദ്യം കണ്ടെടുത്തതിനാൽ കേസിൽ വിശദമായ തുടരന്വേഷണം അത്യാവശ്യമാണെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചിരുന്നു. ആന്റോയുടെ വയനാട്ടിലെ വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ നിന്ന് 138 കുപ്പി മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. ഈ മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്നാണ് എഫ്ഐആറിലെ പ്രാഥമിക നിഗമനം.
കൊച്ചിയിലെ റിപ്പോർട്ടർ ടിവി ആസ്ഥാനത്തെത്തി വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘം അഞ്ചു മണിക്കൂറോളം വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, അറസ്റ്റ് വിവരങ്ങളും കാരണങ്ങളും പ്രതിക്കും ബന്ധുക്കൾക്കും വാട്സാപ്പ് മുഖേന ഉൾപ്പെടെ കൃത്യമായി കൈമാറിയിട്ടുണ്ടെന്നും അറസ്റ്റ് നടപടികളിൽ നിയമലംഘനമില്ലെന്നും കോടതി വ്യക്തമാക്കി. വീട് ആന്റോ അഗസ്റ്റിന്റെ പേരിൽ അല്ലെന്ന പ്രതിഭാഗത്തിന്റെ വാദം പിന്നീട് വിചാരണ വേളയിൽ തെളിയിക്കപ്പെടേണ്ട വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്ന് മർദ്ദനമേറ്റിട്ടില്ലെന്ന് ആന്റോ കോടതിയെ അറിയിച്ചു. സുൽത്താൻ ബത്തേരി കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ആന്റോ അഗസ്റ്റിൻ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹരജി ഉടൻ തന്നെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും.