രാമകൃഷ്ണന്‍ നിര്‍ഭയനായ പോരാളി, വിയോഗം തീരാനഷ്ടം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Wednesday, August 14, 2019

കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ മുന്‍ ഡി.സി.സി പ്രസിഡന്‍റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി രാമകൃഷ്ണന്‍റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു. നിര്‍ഭയനായ പോരാളി ആയിരുന്നു പി രാമകൃഷ്ണനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സത്യസന്ധത, ആദര്‍ശം, സുതാര്യത അദ്ദേഹത്തിന്‍റെ മുഖമുദ്രകളായിരുന്നു. അക്രമത്തിനും അഴിമതിക്കുമെതിരെ ഉറച്ച നിലപാടെടുത്ത യോദ്ധാവായിരുന്നു രാമകൃഷ്ണനെന്നും  ഗാന്ധിയന്‍ മൂല്യങ്ങള്‍ ജീവിതത്തിലുടെനീളം ഉലയാതെ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനായെന്നും മുല്ലപ്പള്ളി അനുസ്മരിച്ചു.

ഒരിക്കലും അധികാരസ്ഥാനങ്ങള്‍ക്കായി അദ്ദേഹം കടിപിടി കൂടിയിട്ടില്ല. എന്നാല്‍ അധികാരശക്തികള്‍ക്കെതിരേ സന്ധിയില്ലാത്ത പോരാട്ടമായിരുന്നു ആ ജീവിതം. സംശുദ്ധ രാഷ്ട്രീയത്തിന്‍റെ പ്രതീകമെന്ന് വിശേഷിപ്പിക്കാവുന്ന കേരളത്തിലെ ചുരുക്കം നേതാക്കളില്‍ ഒരാളായിരുന്നു രാമകൃഷ്ണന്‍. ജനപക്ഷ രാഷ്ട്രീയത്തിന്‍റെ ശക്തനായ നേതാവ്. പുതുതലമുറയ്ക്ക് പഠിക്കാനും പകര്‍ന്നുകൊടുക്കാനും ഒട്ടേറെ കാര്യങ്ങള്‍ ആ ജീവിതത്തിലുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ അറിയാവുന്ന പി രാമകൃഷ്ണന് ജ്യേഷ്ഠ സഹോദര സ്ഥാനമാണ് മനസിലുണ്ടായിരുന്നതെന്ന് മുല്ലപ്പള്ളി അനുസ്മരിച്ചു. വിദ്യാര്‍ഥികാലഘട്ടത്തില്‍ തുടങ്ങിയ ആത്മബന്ധം അവസാനം വരെ കാത്തുസൂക്ഷിക്കാനായി. രോഗഗ്രസ്തനായി കിടക്കുമ്പോഴും അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ കണ്ടപ്പോഴും അദ്ദേഹം വര്‍ത്തമാനകാല രാഷ്ട്രീയത്തെ കുറിച്ചുള്ള ഉത്കണ്ഠ പ്രകടിപ്പിച്ചത് വേദനയോടെ സ്മരിക്കുന്നു. കണ്ണൂര്‍ ഡി.സി.സിക്ക് രാമകൃഷ്ണന്‍റെ വേര്‍പാട് അപരിഹാര്യമായ നഷ്ടവും കെ.പി.സി.സിക്ക് ആദര്‍ശനിഷ്ഠയുള്ള നേതാവിന്‍റെ വിയോഗവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. പി രാമകൃഷ്ണന്‍റെ ദേഹവിയോഗം വ്യക്തിപരമായി തനിക്കും കോണ്‍ഗ്രസ് പാർട്ടിക്കും വലിയ നഷ്ടമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.