മോദിക്ക് മറുപടിയുമായി മമതാ ബാനര്‍ജി; ദുഷിച്ച മോദിയുടേയോ ദുഷിച്ച ബി.ജെ.പിയുടേയോ പേരില്‍ ഞാന്‍ മുദ്രാവാക്യം വിളിക്കില്ല

Jaihind Webdesk
Tuesday, May 7, 2019

ജയ്ശ്രീരാം എന്ന് ഉച്ചരിക്കുന്നവരെ ബംഗാള്‍ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുകയാണെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ മമതാ ബാനര്‍ജി. എല്ലാവരെക്കൊണ്ടും ജയ്ശ്രീരാം എന്ന് വിളിപ്പിക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പിയെന്നും അത് ബി.ജെ.പിയുടെ മുദ്രാവാക്യമാണെന്നും മമത കുറ്റപ്പെടുത്തി. ദുര്‍ഗപൂജ ചെയ്യുമ്പോള്‍ ജയ് മാ ദുര്‍ഗ എന്നും കാളി പൂജ ചെയ്യുമ്പോള്‍ ജയ് മാ കാളിയെന്നുമാണ് സാധാരണക്കാര്‍ പറയുന്നതെന്നുും അല്ലാതെ ബിജെപിയെ പോലെ എല്ലായ്പ്പോഴും ഒരു പ്രത്യേകതരം മുദ്രാവാക്യം മുഴക്കാറില്ലെന്നും മമത വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സമയമാവുമ്പോള്‍ ശ്രീരാമചന്ദ്രന്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഏജന്‍റ് ആവുമോ എന്നും താന്‍ ബിജെപിയുടെ മുദ്രാവാക്യം എന്തിനാണ് വിളിക്കുന്നതെന്നും മമത ചോദിച്ചു. ദുഷിച്ച മോദിയുടേയോ ദുഷിച്ച ബിജെപിയുടേയോ പേരിലുള്ള മുദ്രാവാക്യം താന്‍ വിളിക്കില്ലെന്നും മമത പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ശനിയാഴ്‌ച്ച ഉച്ചയ്‌ക്ക്‌ ശേഷമാണ്‌ ബല്ലാവ്‌പൂര്‌ ഗ്രാമത്തിലൂടെ മമതാ ബാനര്‍ജിയുടെ വാഹനവ്യൂഹം കടന്നുപോയപ്പോള്‍ ഒരുകൂട്ടം യുവാക്കള്‍ ‘ജയ്‌ ശ്രീറാം’ എന്ന്‌ മുദ്രാവാക്യം വിളിച്ചത്‌. അതുകേട്ട്‌ മമത വാഹനം നിര്‍ത്തി പുറത്തിറങ്ങി. മുഖ്യമന്ത്രി പുറത്തിറങ്ങുന്നത്‌ കണ്ട്‌ യുവാക്കള്‍ ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും വാക്കുകള്‍ കൊണ്ട്‌ മമത അവരെ തടഞ്ഞുനിര്‍ത്തുകയും ശാസിക്കുകയും ചെയ്‌തു. റോഡരികിലുള്ള ചിലര്‍ മോശമായി സംസാരിച്ചെന്നും മമത ആരോപിച്ചിരുന്നു. പശ്ചിമ മിഡ്നാപൂര്‍ ജില്ലയിലെ ചന്ദ്രകോനന ടൗണിലെ ബല്ലാവ്പൂര്‍ഗ്രാമത്തില്‍ വെച്ചായിരുന്നു സംഭവം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ സംഭവം വിവാദമായി. മമതയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ എത്തി.

പിന്നീട്‌ പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരില്‍ തെരഞ്ഞെടുപ്പ്‌ റാലിയില്‍ പങ്കെടുക്കുമ്പോഴാണ്‌ ‘ജയ്‌ ശ്രീറാം’ മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക്‌ മമത മുന്നറിയിപ്പ്‌ നല്‍കിയത്‌. അത്തരം മുദ്രാവാക്യങ്ങളിലൊന്നും തനിക്ക്‌ പേടിയില്ല. അങ്ങനെയുള്ള പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷവും ബംഗാളില്‍ത്തന്നെ ജീവിക്കേണ്ടവരാണെന്ന്‌ മറന്നുപോവരുതെന്നും മമത പറഞ്ഞു. ബിജെപിയെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മമതയുടെ പരാമര്‍ശം. നിരാശരായ ബിജെപി ബംഗാളില്‍ തങ്ങളാലാവും വിധമൊക്കെ കാപട്യം സൃഷ്ടിക്കുകയാണെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ പിന്നീട്‌ ട്വീറ്റ്‌ ചെയ്യുകയും ചെയ്‌തു.