
അമ്പലപ്പുഴ: ദേശീയപാതയില്‍ തോട്ടപ്പള്ളി സ്പില്‍വേ പാലത്തിന് സമീപം പോലീസ് ജീപ്പ് ബൈക്കിന് പിന്നിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാതെ പോലീസ് സംഘം സ്ഥലം വിട്ടതായാണ് ആക്ഷേപം. കഴിഞ്ഞ രാത്രി തോട്ടപ്പള്ളി സ്പില്‍വേ പാലത്തിന് വടക്കുഭാഗത്തായിരുന്നു സംഭവം.
ഹരിപ്പാട് നിന്ന് ഐസ്ക്രീം കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വണ്ടാനം വൃക്ഷ വിലാസം ഷാജി-ജസീല ദമ്പതികളുടെ മകന് ആഷിക്ക് (18), സുഹൃത്ത് തൗഫീക്ക് എന്നിവര്‍ സഞ്ചരിച്ച ബൈക്കിലാണ് പോലീസ് ജീപ്പിടിച്ചത്. അമ്പലപ്പുഴ ഡി.വൈ.എസ്.പിയുടെ വാഹനമാണ് ബൈക്കിന് പിന്നിലിടിച്ചതെന്നാണ് സൂചന.
മറ്റേതോ കേസിലെ പ്രതികളാണെന്ന് തെറ്റിദ്ധരിച്ചാണ് പോലീസ് ഇവരെ പിന്തുടര്ന്നതെന്ന് കരുതുന്നു. തോട്ടപ്പള്ളി ഭാഗത്തുവെച്ച് ബൈക്കിന് പിന്നില്‍ ജീപ്പിടിപ്പിച്ച ശേഷം പോലീസ് യുവാക്കളെയും വാഹനവും വിശദമായി പരിശോധിച്ചു. എന്നാല്‍, ഇവര്‍ പ്രതികളല്ലെന്ന് ബോധ്യപ്പെട്ടതോടെ, പരിക്കേറ്റ യുവാക്കളെ റോഡില്‍ ഉപേക്ഷിച്ച് പോലീസ് സംഘം കടന്നുകളയുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ആഷിക്ക് വിവരം വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്തെത്തിയാണ് ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ക്രൂരതയ്ക്കെതിരെ മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിക്കും പരാതി നല്‍കുമെന്ന് യുവാക്കളുടെ ബന്ധുക്കള്‍ അറിയിച്ചു.