അമേരിക്കയില്‍ വെടിവെപ്പ്: എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു; അക്രമി പോലീസ് വെടിവെപ്പില്‍ മരിച്ചു

Jaihind News Bureau
Monday, April 20, 2026

വാഷിങ്ടണ്‍: അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ഷാമര്‍ എല്‍ക്കിന്‍സ് എന്നയാളാണ് അതിക്രമം നടത്തിയത്. കൊല്ലപ്പെട്ട കുട്ടികള്‍ക്ക് ഒന്ന് മുതല്‍ 12 വയസ്സു വരെയാണ് പ്രായം. ഇതില്‍ ഏഴ് കുട്ടികള്‍ അക്രമിയുടേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെക്കന്‍ ഷ്രെവ്‌പോര്‍ട്ടിലെ ഒരു വീട്ടില്‍ ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നതെന്ന് ഷ്രെവ്‌പോര്‍ട്ട് പോലീസ് വക്താവ് ക്രിസ്റ്റഫര്‍ ബോര്‍ഡലോണ്‍ അറിയിച്ചു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അക്രമി തന്റെ പങ്കാളിയായ യുവതിയെയും സമീപത്തെ വീട്ടിലെ മറ്റൊരു സ്ത്രീയെയും വെടിവെച്ചു. പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്.

കൃത്യത്തിന് ശേഷം കാര്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച ഷാമര്‍ എല്‍ക്കിന്‍സിനെ പോലീസ് വെടിവെച്ചു കൊന്നു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.