
ചെന്നൈ/ദില്ലി: പശ്ചിമ ബംഗാളിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെയും തമിഴ്നാട്ടിലെയും പരസ്യപ്രചാരണം ഇന്ന് കൊടിയിറങ്ങും. തമിഴ്നാട്ടില്‍ ഒറ്റഘട്ടമായി മറ്റന്നാള്‍ (ഏപ്രില്‍ 23) വോട്ടെടുപ്പ് നടക്കുമ്പോള്‍, ബംഗാളില്‍ ആദ്യഘട്ട പോരാട്ടമാണ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും വമ്പന്‍ റാലികളുമായാണ് മുന്നണികള്‍ അവസാന ദിനം കടുപ്പിക്കുന്നത്.
ബംഗാളില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിലാണ് ഇന്ന് പ്രചാരണം അവസാനിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് വിവിധയിടങ്ങളില്‍ റാലികള്‍ നടക്കും. ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കമുള്ള പ്രമുഖ വനിതാ നേതാക്കളും പ്രചാരണരംഗത്തുണ്ട്. കേന്ദ്ര ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി ഉയര്‍ത്തുന്നുണ്ട്. വോട്ടെടുപ്പിന് മുന്നോടിയായി ടിഎംസി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിക്കിടെ തെരുവില്‍ നിന്ന് ‘ജാല്‍മുരി’ കഴിച്ചത് വെറും നാടകമാണെന്ന് മമത പരിഹസിച്ചു. പട്ടിക പുതുക്കിയതിലൂടെ 3.22 ലക്ഷം പുതിയ വോട്ടര്‍മാരെ കൂടി ഈ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29-ന് നടക്കും.
തമിഴ്നാട്ടില്‍ ഇത്തവണ ഡിഎംകെ സഖ്യം, എന്‍ഡിഎ, വിജയ് നയിക്കുന്ന ടിവികെ എന്നിവര്‍ തമ്മില്‍ ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഇതുവരെ സംസ്ഥാനത്ത് 1212.74 കോടി രൂപയുടെ പണവും സമ്മാനങ്ങളും പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തെങ്കാശിയിലെ ആലങ്കുളം മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു. തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കാന്‍ ടിവികെയുടെ വരവ് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് വിജയ് ആരാധകര്‍. അതേസമയം ഭരണതുടര്‍ച്ചയും ഭരണമാറ്റവും ലക്ഷ്യമിട്ട് ഡിഎംകെയും എന്‍ഡിഎയും സജീവമാണ്.
ഏപ്രില്‍ ഒമ്പതിന് കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിരുന്നു. മറ്റന്നാള്‍ നടക്കുന്ന നിര്‍ണ്ണായക വോട്ടെടുപ്പിനായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.