
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും വോട്ടെണ്ണല്‍ കഴിയുന്നത് വരെ തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ ഉത്തരവിട്ടു. പേരാമ്പ്രയിലും പാലക്കാട്ടും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കാന്‍ നീക്കം നടന്നത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ഈ അടിയന്തര ഇടപെടല്‍. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമുകള്‍ മാത്രമല്ല, സീല്‍ ചെയ്യാത്ത മുറികളും ഇനി തുറക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.
പേരാമ്പ്ര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷിച്ചിരുന്ന വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കണ്വെന്ഷന് സെന്ററിലെ മുറി തുറന്നത് നേരത്തെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാല്‍ ഇത് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമല്ലെന്നും രണ്ടാം നിലയിലെ ‘മെറ്റീരിയല്‍ റൂം’ ആണെന്നുമാണ് കളക്ടറുടെ വിശദീകരണം. ഇലക്ഷന് സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി പ്രിസൈഡിങ് ഓഫീസര്‍മാരുടെ ഡയറി എടുക്കാനാണ് മുറി തുറന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിന് പിന്നാലെയാണ് പാലക്കാട് വിക്ടോറിയ കോളേജിലെ നെന്മാറ മണ്ഡലത്തിന്റെ സ്ട്രോങ്ങ് റൂം തുറക്കാന്‍ നീക്കം നടന്നത്. പ്രിസൈഡിങ് ഓഫീസര്‍ മറന്നുവെച്ച ഡയറി എടുക്കാനാണ് മുറി തുറക്കുന്നതെന്ന് സ്ഥാനാര്‍ത്ഥികളെ അറിയിച്ചിരുന്നു. എന്നാല്‍ തുറക്കാന്‍ തീരുമാനിച്ചത് സ്ട്രോങ്ങ് റൂമല്ലെന്നും ഫോം 17A സൂക്ഷിച്ചിട്ടുള്ള മെറ്റീരിയല്‍ റൂമാണെന്നും പിന്നീട് പാലക്കാട് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
തുടര്‍ച്ചയായ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പാലക്കാട്ടെ മുറി തുറക്കാനുള്ള തീരുമാനം റദ്ദാക്കി. വോട്ടെണ്ണല്‍ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിട്ടേണിങ് ഓഫീസര്‍മാര്‍ രേഖകള്‍ പരിശോധിക്കാന്‍ മുറികള്‍ തുറക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് ഈ പുതിയ നടപടി.