
തൂത്തുക്കുടി: ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കടുത്ത കടന്നാക്രമണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിതീഷ് കുമാർ ബിജെപിയുമായി പൂർണ്ണമായും ഒത്തുതീർപ്പിലാണെന്നും അദ്ദേഹത്തിന്റെ പഴയകാല പ്രവർത്തനങ്ങൾ മുൻനിർത്തി ബിജെപി അദ്ദേഹത്തെ നിയന്ത്രിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിൽ മുഖ്യമന്ത്രിയെ മാറ്റി ബിജെപി തങ്ങൾക്ക് താല്പര്യമുള്ളയാളെ പ്രതിഷ്ഠിച്ചുവെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഒരു വാക്കുപോലും മിണ്ടാതെ നിശബ്ദനായി നിതീഷ് കുമാർ രാജ്യസഭയിലേക്ക് പോയത് ബിജെപിയുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമായാണ്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് രാജ്യസഭാ എംപിയായ നിതീഷ് കുമാറിന്റെ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരിഹാസം.
ബിഹാറിൽ നടപ്പിലാക്കിയ ഇതേ തന്ത്രം തമിഴ്നാട്ടിലും ആവർത്തിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് രാഹുൽ മുന്നറിയിപ്പ് നൽകി. തമിഴ്നാട്ടിലും തങ്ങൾ പറയുന്നത് മാത്രം കേൾക്കുന്ന, പൂർണ്ണമായി നിയന്ത്രിക്കാൻ കഴിയുന്ന ഒരു മുഖ്യമന്ത്രിയെ പ്രതിഷ്ഠിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്നാൽ തമിഴ് ജനത അതിന് ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 23ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ സഖ്യത്തിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയായിരുന്നു അദ്ദേഹം