കേരളം ഭരിക്കുന്നത് കൊള്ള സംഘങ്ങളുടെ അവൈലബിൾ പി.ബി ; മടിയില്‍ നാണക്കേടിന്‍റെ ആല് കിളിർത്ത സർക്കാരിനെ പിരിച്ചുവിടണമെന്ന് ഷാഫി പറമ്പിൽ | Video

Jaihind News Bureau
Sunday, September 13, 2020

 

തിരുവനന്തപുരം : മടിയില്‍ നാണക്കേടിന്‍റെ ആല് കിളിർത്ത സർക്കാരിനെ പിരിച്ചുവിടണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എം.എല്‍.എ. ദേശീയ അന്വേഷണ ഏജന്‍സികള്‍ സെക്രട്ടേറിയറ്റിലും മന്ത്രിമാരുടെ വസതിയിലും വട്ടമിട്ട് പറക്കുന്ന നാണക്കേടിലേക്കാണ് പിണറായി സർക്കാർ കേരളത്തെ തള്ളിയിട്ടത്. ഓരോ മണിക്കൂറിലും പുതിയ തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. കൊള്ളസംഘങ്ങളുടെ അവൈലബിള്‍ പോളിറ്റ് ബ്യൂറോയാണ് കേരളം ഭരിക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മന്ത്രി ഇ.പി ജയരാജന്‍റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ വസതിയിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.

ലൈഫ് മിഷനിൽ മന്ത്രി ഇ.പി ജയരാജന്‍റെ മകൻ കമ്മീഷൻ പറ്റിയെന്ന് ആരോപണം ഉയർന്നതോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മന്ത്രി പുത്രൻ കോടികൾ വാങ്ങിയത് മന്ത്രിക്കും സർക്കാരിനും വേണ്ടിയാണെന്നും കൊള്ള സംഘങ്ങളുടെ അവയിലബിൾ പോളിറ്റ് ബ്യൂറോയാണ് കേരളം ഭരിക്കുന്നതെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മകന് കമ്മീഷൻ ലഭിച്ചത് മന്ത്രി ജയരാജൻ അറിയാതെയായിരിക്കില്ല. സി.പി.എം സ്വന്തമായി ഒരു ലോക്കറും മരുന്ന് കമ്പനിയും തുടങ്ങുന്നത് നന്നായിരിക്കുമെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു. കൊവിഡ് നിരീക്ഷണത്തിൽ ഇരിക്കെ ജയരാജന്‍റെ ഭാര്യ ബാങ്കിൽ പോയി ലോക്കറിൽ നിന്ന് എടുത്തു മാറ്റിയത് എന്താണ്. ജനങ്ങളുടെ ചോദ്യങ്ങൾക്ക് മാത്രം മറുപടി പറയാൻ ഒരു വാർത്താ സമ്മേളനം വിളിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ. ഇവർ എന്ത് തട്ടിപ്പ് ആണ് നടത്താത്തത് എന്ന് അന്വേഷിക്കുന്നത് ആകും കേന്ദ്ര ഏജൻസികൾക്ക് എളുപ്പം. എന്ത് പറഞ്ഞാലും മടിയിൽ കനമില്ല എന്നൊന്നും പറഞ്ഞ് ഇനി ഒഴിയാനാകില്ലെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്‍റെയും ചോദ്യങ്ങളില്‍ നിന്ന് സർക്കാരും മുഖ്യമന്ത്രിയും ഒളിച്ചോടുകയാണ്. ജലീല്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടാതെയിരിക്കുന്നതിന് കാരണം ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാലാണെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ ആരോപിച്ചു. ലൈഫ് മിഷനിൽ കാണിച്ച ആവേശം എന്തിനാണെന്ന് കേരളത്തിന് ബോധ്യപ്പെട്ടു. ഇവരുടെ ആവേശം പാവങ്ങൾക്ക് വീട് ഉണ്ടാക്കാൻ വേണ്ടി ആയിരുന്നില്ല മറിച്ച് അതില്‍ നിന്ന് തങ്ങള്‍ക്ക് എന്തുണ്ടാക്കാം എന്ന അന്വേഷണമായിരുന്നുവെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. മന്ത്രി കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ മാധ്യമ പ്രവർത്തകരെ ആക്ഷേപിക്കുന്നത് ചോദ്യം ചെയ്യലിന് ഒളിച്ചുപോയതിന്‍റെ ജാള്യത മറക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന് ഭരണത്തിൽ തുടരാൻ ധാർമ്മിക അവകാശമില്ലെന്ന് കെ.എസ്.ശബരിനാഥൻ എം.എൽ.എ പറഞ്ഞു. മന്ത്രിക്കായി രാജി എഴുതി നൽകിയായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ വ്യത്യസ്ത പ്രതിഷേധം. പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. മന്ത്രിയുടെ വസതിക്ക് മുന്നിൽ പോലീസ് ഒരുക്കിയ ബാരിക്കേഡ് പ്രവർത്തകർ മറികടക്കാൻ ശ്രമിച്ചത് ചെറിയ തോതിൽ സംഘർഷത്തിനിടയാക്കി.

https://www.facebook.com/JaihindNewsChannel/videos/329732901796165