
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ടാക്സി ചെയ്യുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനം പാർക്ക് ചെയ്തിരുന്ന അകാശ എയർ വിമാനത്തിൽ തട്ടുകയായിരുന്നു. യാത്രക്കാർ സുരക്ഷിതരാണെങ്കിലും ഇരു വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.ഡൽഹി വിമാനത്താവളത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് വിമാനയാത്രക്കാരെ പരിഭ്രാന്തരാക്കിയ അപകടമുണ്ടായത്. റൺവേയിലേക്ക് നീങ്ങുന്നതിനായി ടാക്സി ചെയ്യുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനം അവിടെ നിർത്തിയിട്ടിരുന്ന അകാശ എയർ വിമാനത്തിൽ തട്ടുകയായിരുന്നു.
സ്പൈസ് ജെറ്റിന്റെ ബി 737 – 700 വിമാനത്തിന്റെ വലതുവശത്തെ ചിറക് അകാശ എയർ വിമാനത്തിന്റെ ഇടതുവശത്തെ സ്റ്റെബിലൈസറിലാണ് ഇടിച്ചത്. അപകടത്തിൽ ഇരു വിമാനങ്ങളുടെയും ഭാഗങ്ങൾ തകർന്നു. ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടാനൊരുങ്ങിയ അകാശ എയറിന്റെ ക്യുപി 1406 വിമാനത്തിലാണ് സ്പൈസ് ജെറ്റ് തട്ടിയത്.
തങ്ങളുടെ വിമാനം പാർക്കിംഗ് ബേയിൽ നിർത്തിയിട്ടിരുന്ന സമയത്താണ് സ്പൈസ് ജെറ്റ് വിമാനം വന്ന് തട്ടിയതെന്ന് അകാശ എയർ വക്താവ് വ്യക്തമാക്കി. അപകടത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് സ്പൈസ് ജെറ്റ് വിമാനം ഡൽഹിയിൽ ഗ്രൗണ്ട് ചെയ്തു.ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ബദൽ ക്രമീകരണങ്ങൾ അധികൃതർ ഏർപ്പെടുത്തി. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.