മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ; പോലീസ് സംരക്ഷണം തേടി കുംഭമേള വൈറൽ താരം

Jaihind News Bureau
Thursday, April 16, 2026

 

പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും കമീഷണർക്കും പരാതി നൽകി വിവാഹിതയായ കുംഭമേള വൈറല്‍ താരം. വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അന്വേഷിക്കുന്നതിനായി മധ്യപ്രദേശ് പൊലീസ് കേരളത്തിൽ വന്നതിന് പിന്നാലെയാണ് പരാതി നൽകിയിരിക്കുന്നത്. കേരളത്തിൽ വെച്ച് നടത്തിയ പെണ്‍കുട്ടിയുടെ വിവാഹം ചർച്ചയാവുകയും പെൺക്കുട്ടിയുടെ പ്രായം18 ന് താഴെയാണെന്ന് ചൂണ്ടികാട്ടി ഉത്തർപ്രദേശ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ ഭർത്താവിനെതിരെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. വിവാഹവുമായി ബന്ധപ്പെട്ട് ഇതിനകം കേരള പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ അന്വേഷണത്തിന്റെ ഭാഗമായാണ് മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തിയത്.

കുംഭമേളയ്ക്കിടെ വൈറലായ പെൺകുട്ടിയും ഫർമാൻ ഖാനും മാർച്ച് പതിനൊന്നിനാണ് വിവാഹിതരായത്. കേരളത്തിലെത്തിയ ഇരുവരും പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. പെൺകുട്ടിയുടെ വിവാഹം നടത്തിയതിൽ പഞ്ചായത്തിന് വീഴ്ചയില്ലെന്നാണ് കേരള പൊലീസ് പറയുന്നത്. ആധാറും പാൻ കാർഡും ജനന സർട്ടിഫിക്കറ്റും പരിശോധിച്ച ശേഷമാണ് വിവാഹ രജിസ്ട്രേഷൻ നടത്തിയത്. പെൺകുട്ടി ഹാജരാക്കിയ രേഖകളിൽ 18 വയസ് തികഞ്ഞിട്ടുണ്ട്. വിവാഹം നടന്നതിൽ മറ്റ് ദുരൂഹതകളില്ലെന്നതടക്കമുള്ള അന്വേഷണ റിപ്പോർട്ട്‌ റൂറൽ എസ് പി ഡിജിപിക്ക് കൈമാറിയിരുന്നു.