കോണ്‍ഗ്രസിനൊപ്പമല്ലാതെ വേറെ നീക്കത്തിന് ഇല്ലെന്ന് സ്റ്റാലിന്‍; കെ.സി.ആറിന്റെ മൂന്നാം മുന്നണി ചര്‍ച്ച പരാജയം

Jaihind Webdesk
Monday, May 13, 2019

ചെന്നൈ: രാജ്യത്ത് മൂന്നാം മുന്നണി രൂപീകരിക്കുന്നതില്‍ ഡി.എം.കെയുടെ സഹായം ചോദിച്ചെത്തിയ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് തിരിച്ചടി. കോണ്‍ഗ്രസിനൊപ്പമല്ലാതെ മറ്റൊരു നീക്കത്തിനും ഇല്ലായെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. കോണ്‍ഗ്രസ് ഇതര മുന്നണിയോട് തനിക്ക് താത്പര്യമില്ലെന്ന് റാവുവിനോട് സ്റ്റാലിന്‍ വ്യക്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. തുടര്‍ന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാതെ കെ.സി.ആര്‍ മടങ്ങി.

രാഷ്ട്രീയ മര്യാദയുടെ പേരിലാണ് കെ.സി.ആറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് സ്റ്റാലിന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനെ കാണാന്‍ ചന്ദ്രശേഖര റാവു നേരത്തെയും ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ഡി.എം.കെ മത്സരിച്ചത്. നാല് നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനുമുണ്ട്. ഈ സാഹചര്യത്തില്‍ കെ.സി.ആറുമായി കൂടിക്കാഴ്ച നടത്തുന്നതു ഉചിതമല്ലെന്ന നിലപാടിലായിരുന്നു ഡിഎംകെ നേതൃത്വം. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കൂടി അറിവോടെയാണു റാവുവിനെ സ്റ്റാലിന്‍ കണ്ടതെന്നാണ് ഡിഎംകെ വൃത്തങ്ങളില്‍ നിന്നുള്ള വിശദീകരണം.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടാകുമെന്ന വിശ്വാസം റാവുവായി സ്റ്റാലിന്‍ പങ്കുവച്ചു. കോണ്‍ഗ്രസിനോ ബി.ജെ.പിക്കോ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പൊതു സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ റാവുവും പങ്കുവച്ചതായാണ് സൂചന. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള ചര്‍ച്ചയ്ക്കു നിലവില്‍ താല്‍പര്യമില്ലെന്ന് ഡി.എം.കെ നേതൃത്വം അറിയിച്ചു.

കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന ഡി.എം.കെ നേതാക്കളുടെ ആവശ്യത്തോട് റാവുവും അനുകൂല മറുപടി നല്‍കിയില്ല. നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കെസിആര്‍ ചര്‍ച്ച നടത്തിയിരുന്നു.