കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്

Jaihind News Bureau
Saturday, November 2, 2019

കേന്ദ്രസർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നവംബർ 5 മുതൽ 15 വരെ സംസ്ഥാന തലത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ തുടർച്ചയായ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്. ഡിസംബർ ആദ്യം ഡൽഹിയില്‍ വൻ പ്രക്ഷോഭ റാലി നടത്താനും തീരുമാനം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാതെ ഇവന്‍റുകൾ നടത്തി തലക്കെട്ടിൽ ഇടം പിടിക്കാനുള്ള തിരക്കിലാണ് നരേന്ദ്ര മോദി എന്ന് യോഗത്തിൽ സോണിയ ഗാന്ധി ആരോപിച്ചു.

കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കാനാണ് കോണ്‍ഗ്രസ് തയാറെടുക്കുന്നത്. ഇതിന്‍റെ ഭാഗമായി നവംബർ 5 മുതല്‍ 15 വരെ ജില്ലാ കേന്ദ്രങ്ങളില്‍ തുടർച്ചയായ പ്രക്ഷോഭം നടത്താനും ഡിസംബർ ആദ്യം ഡല്‍ഹിയില്‍ വന്‍ പ്രക്ഷോഭ റാലി സംഘടിപ്പിക്കാനും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേർന്ന ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനമായി.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാതെ ഇവന്‍റുകള്‍ നടത്തി വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് യോഗത്തില്‍ സോണിയാ ഗാന്ധി വിമർശിച്ചു. സാമ്പത്തിക പ്രതിസന്ധി, കർഷകരുടെ പ്രശ്നങ്ങള്‍ തുടങ്ങിയവ ഉയർത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രക്ഷോഭം. മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും അണിനിരത്തിയാകും പ്രക്ഷോഭം.

പോഷകസംഘടനകള്‍ അതാത് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുന്‍നിർത്തി സമരത്തിനിറങ്ങണമെന്നും യോഗത്തില്‍ തീരുമാനമായി. മറ്റ് പ്രതിപക്ഷ കക്ഷി നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ ചർച്ച നടത്തും.