കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എഐസിസി ആസ്ഥാനത്ത് സെൻട്രൽ കൺട്രോൾ റൂം; ചുമതല കെ.സി. വേണുഗോപാലിന്

Jaihind News Bureau
Monday, March 30, 2020

രാജ്യത്ത് കൊവിഡ്-19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എഐസിസി യില്‍ സെൻട്രൽ കൺട്രോൾ റൂം തുടങ്ങും. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുവാനായി എംപി രാജീവ് സതവ്, ദേവേന്ദ്ര യാദവ്, എഐസിസി സെക്രട്ടറി മനീഷ് ഛത്രത്ത് എന്നിവരെ ഉള്‍പ്പെടുത്തിയാണ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിരിക്കുന്നത്. ഇതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി.

കൊവിഡ് വൈറസിന്‍റെ വ്യാപനം, സംസ്ഥാന സർക്കാരുകള്‍ സ്വീകരിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങള്‍, പാർട്ടിയും സംസ്ഥാനത്തെ മറ്റ് ഏജന്‍സികളും ഏറ്റെടുത്ത് നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങി അതാത് ദിവസങ്ങളിലെ എല്ലാ പ്രവർത്തനങ്ങളും അതാത് സംസ്ഥാനങ്ങളിലെ പിസിസികള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ മാർഗ്ഗനിർദ്ദേശത്തിലും മേൽനോട്ടത്തിലുമാകും സെൻട്രൽ കൺട്രോൾ റൂം പ്രവർത്തിക്കുക.