കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം; ചത്തീസ്ഗഡില്‍ ന്യായ് പദ്ധതി നടപ്പാക്കുന്നു; 20 ശതമാനം കുടുംബങ്ങള്‍ക്ക് 72,000 രൂപ ഉറപ്പാക്കും

Jaihind Webdesk
Wednesday, August 28, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനമായിരുന്നു ന്യായ് പദ്ധതി. ജനങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് (ന്യൂനതം ആയ് യോജന) പദ്ധതി ചത്തീസ്ഗഡിലെ കോണ്‍ഗ്രസ് നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. അധികാരത്തിലെത്തിയാല്‍, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ നല്‍കുമെന്നായിരുന്നു ന്യായ് പദ്ധതിയിലൂടെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ന്യായ് പദ്ധതി നടപ്പാക്കുന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഘേല്‍ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും പാവപ്പെട്ട 20 ശതമാനം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.