ഡി.ഐ.ജി ഓഫീസ് മാര്‍ച്ച്: സി.പി.ഐ നേതാക്കള്‍ക്കെതിരെ കേസ്; പി രാജു ഒന്നാം പ്രതി, എല്‍ദോ എബ്രഹാം MLA രണ്ടാം പ്രതി

Jaihind Webdesk
Sunday, July 28, 2019


കൊച്ചി ഡി.ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജുവിനെ ഒന്നാം പ്രതിയാക്കിയും എൽദോ ഏബ്രഹാം എം.എൽ.എയെ രണ്ടാം പ്രതിയാക്കിയും പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധത്തിലാണ് സി.പി.ഐ എറണാകുളം ജില്ലാ നേതൃത്വം.

സി.പി.ഐ നേതാക്കള്‍ കരുതിക്കൂട്ടി ആക്രമണം നടത്തി എന്ന തരത്തില്‍ എഫ്.ഐ.ആറിട്ടാണ് കേസെടുത്തിരിക്കുന്നത്. കല്ലും കുറുവടിയുമായി എത്തിയ സി.പി.ഐ നേതാക്കൾ കരുതിക്കൂട്ടി അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് എഫ്.ഐ.ആറിലുള്ളത്. സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ച് ദേഹോപദ്രവം ഏല്‍പിച്ചു എന്നതാണ് ജാമ്യമില്ലാ വകുപ്പായി ചുമത്തിയിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിനും കേസുണ്ട്. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, എൽദോ എബ്രഹാം എം.എൽ.എ എന്നിവരടക്കം പത്ത് പേരാണ് പ്രതിപ്പട്ടികയിലുളളത്.

ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ നടന്ന ലാത്തിച്ചാര്‍ജിലാണ് സി.പി.ഐ നേതാക്കള്‍ക്ക് ഗുരുതര പരിക്കേറ്റത്. സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയെയും എം.എല്‍.എ എൽദോ എബ്രഹാമിനെയും ഉള്‍പ്പെടെ പോലീസ് തല്ലിച്ചതച്ചത് സി.പി.ഐയിലും മുന്നണിക്കുള്ളിലും വന്‍ പ്രതിഷേധമാണുള്ളത്. സംഭവത്തില്‍ കാനത്തിന്‍റെ പ്രതികരണവും സി.പി.ഐയില്‍ ശക്തമായ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്. ഇതിന് പിന്നാലെയാണിപ്പോള്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. അതേസമയം സംഭവത്തില്‍ ജില്ലാ കളക്ടർ നാളെ സർക്കാരിന് റിപ്പോർട്ട് നല്‍കും.