നോട്ട് നിരോധനം: അംബാനിക്കും അദാനിക്കും നേരത്തെ വിവരം ലഭിച്ചെന്ന് ബി.ജെ.പി എം.എൽ.എ

Jaihind Webdesk
Thursday, November 17, 2016

നോട്ട് നിരോധനത്തെ തുടർന്ന് പ്രതിപക്ഷമുയർത്തിയ ആരോപണങ്ങൾ സ്ഥിരീകരണം നൽകി ബി.ജെ.പി എം.എൽ.എ ഭവാനി സിംഗ് രംഗത്ത്. കള്ളപ്പണം ഇല്ലാതാക്കാനെന്നു പറഞ്ഞു നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ വിവരം രാജ്യത്തെ വൻകിട കോർപ്പറേറ്റുകളായ അംബാനിക്കും അദാനിക്കും മുൻകൂട്ടി ലഭിച്ചെന്ന വെളിപ്പെടുത്തലാണ് ഭവാനി സിംഗ് നടത്തിയത്. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള ബി.ജെ.പിയുടെ മുതിർന്ന നേതാവും നിയമസഭാ സാമാജികനുമാണ് ഭവാനി സിംഗ്.

കേന്ദ്ര സർക്കാരുമായി അടുപ്പമുള്ളവർക്ക് നോട്ടു നിരോധനത്തിന്‍റെ വിവരം മുൻകൂട്ടി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യസംഭാഷണത്തിലാണ് എം.എൽ.എ മനസ് തുറന്നത്. ഭവാനി സിംഗിന്റെ സംഭാഷണം രഹസ്യമായി ചിത്രീകരിച്ച ശേഷം പുറത്തുവിടുകയായിരുന്നു. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം വരുത്തിയ നടപടികളിലൊന്നായ നോട്ടു നിരോധനത്തെപ്പറ്റിയുള്ള വിവാദം ഇതോടെ വീണ്ടും ചൂടുപിടിച്ചു കഴിഞ്ഞു. നോട്ട് നിരോധനത്തിന് മുമ്പ് ബി.ജെ.പി വിവിധ ബാങ്കുകളിലായി കോടികളുടെ നിക്ഷേപമാണ് നടത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സാമ്പത്തിക വളർച്ചയെ ചുറ്റിപ്പറ്റിയും വസ്തുനിഷ്ഠമായ ആരോപണങ്ങളാണ് ഉയർന്നത്. ഇതു സംബന്ധിച്ച് വാർത്ത നൽകിയ ഓൺലൈൻ മാധ്യമത്തിനെതിരെ വൈര്യനിര്യാതന ബുദ്ധിയോടെ കോടതിയെ സമീപിച്ച് ജയ്ഷാ വാർത്ത നൽകുന്നതിന് സ്‌റ്റേ സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്.

കേന്ദ്ര സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരു മന്ത്രിമാരും അറിയാതെ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ വിവരങ്ങൾ കോർപ്പറേറ്റുകൾക്ക് മുൻകൂട്ടി ലഭിച്ചുവെന്ന ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്കാവും വഴിയൊരുക്കുക. വൻകിടക്കാരുടെയും കോർപ്പറേറ്റുകളുടെയും നിക്ഷേപങ്ങൾ സുരക്ഷിതമാക്കിയതിനു ശേഷമാണ് പ്രധാനമന്ത്രി മോദി നോട്ട് നിരോധനം നടപ്പാക്കിയതെന്ന ആരോപണം കോൺരഗസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ അന്നുതന്നെ ഉയർത്തിയിരുന്നു. എന്നാൽ അതിനെയെല്ലാം തള്ളിക്കളഞ്ഞ മോദി കള്ളപ്പണത്തിനെതിരായ സർജിക്കൽ സ്‌ട്രൈക്കെന്നാണ് നോട്ട് നിരോധനത്തെ വിശേഷിപ്പിച്ചിരുന്നത്.

നോട്ട് നിരോധനത്തെ തുടർന്നുണ്ടായ ദുരിതങ്ങളിൽപ്പെട്ട് ആയിരത്തിൽപ്പരം പേർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ 11 ബാങ്ക് ഉദ്യോഗസ്ഥർ ജോലിയിലുണ്ടായ അധികഭാരം മൂലം കുഴഞ്ഞു വീണു മരിച്ചു. നിരവധി വിവാഹങ്ങൾ മുടങ്ങുകയും ആശുപത്രികളിൽ ചികിത്സ തടസപ്പെടുകയും ചെയ്തു. നോട്ട് പിൻവലിച്ചതിനു പിന്നാലെ ചെറുകിട വ്യവസായത്തിനേറ്റ തിരിച്ചടി നിരവധി പേരുടെ ആത്മഹത്യയ്ക്കും ഇടയാക്കി. അമ്പതു ദിവസം കൊണ്ട് ബുദ്ധിമുട്ടുകൾ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചെങ്കിലും ആറുമാസത്തോളം നിരോധനത്തിന്റെ ബുദ്ധിമുട്ടുകൾ ജനങ്ങളെ അപ്പാടെ വലച്ചുവെന്നതാണ് യാഥാർത്ഥ്യം.