അമിത് ഷായ്ക്ക് കുരുക്ക് മുറുകുന്നോ..? ലോയ കേസ് വീണ്ടും അന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാർ

Jaihind News Bureau
Thursday, January 9, 2020

ജസ്റ്റിസ് ലോയയുടെ മരണം പുനരന്വേഷിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ശക്തമായ തെളിവ് ലഭിച്ചാല്‍ കേസ് വീണ്ടും അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കി.

സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട ജസ്റ്റിസ് ലോയയുടെ മരണത്തിൽ ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായ്ക്കും ഇതോടെ കുരുക്ക് മുറുകിയേക്കും.

ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നു. കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും പുനരന്വേഷണ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിശദമായി അന്വേഷണമുണ്ടാകുമെന്നു സത്യപ്രതിജ്ഞയ്ക്കു പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും സൂചിപ്പിച്ചിരുന്നു.

ജസ്റ്റിസ് ലോയ കേസ് പുനരന്വേഷിക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും 2018ൽ നിലപാട് എടുത്തയാളാണ് ഉദ്ധവ് താക്കറെ.

സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേൾക്കുന്ന മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ, 2014 ഡിസംബർ ഒന്നിനാണു നാഗ്പുർ സിവിൽ ലെയ്നിനടുത്തുള്ള ഗെസ്റ്റ് ഹൗസിൽ ജസ്റ്റിസ് ലോയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹജഡ്ജി സ്വപ്ന ജോഷിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണു നാഗ്പുരിലെത്തിയത്. മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു കോടതി വിധി. വ്യാജ ഏറ്റുമുട്ടൽ കേസിൽ പിന്നീട് അമിത് ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.