രാഹുലും പ്രിയങ്കയും കരുത്തരായ നേതാക്കള്‍ ; അമിത് ഷായുടെ ഭയം വെറുതെയല്ലെന്ന് ശിവസേന

Jaihind News Bureau
Tuesday, January 7, 2020

രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും അമിത് ഷാ ഭയക്കുന്നു എന്നതിന്‍റെ തെളിവാണ് ഇവര്‍ക്കെതിരെ നിരന്തരമായി നടത്തുന്ന പ്രസ്താവനകളെന്ന് ശിവസേന. ജനങ്ങള്‍ക്കിടയില്‍ ഇരുവര്‍ക്കുമുള്ള സ്വാധീനം അമിത് ഷായെ അസ്വസ്ഥനാക്കുന്നുണ്ട്. ശിവസേന മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലിലാണ് ഇക്കാര്യം പറഞ്ഞത്.

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പറയുന്നത് കേള്‍ക്കാന്‍ തയാറാകുന്ന ഒരു ജനതയെ അമിത് ഷായും ബി.ജെ.പിയും ഭയപ്പെടുന്നു. അതിനാലാണ് ഇരുവര്‍ക്കുമെതിരെ അമിത് ഷാ നിരന്തരമായി ആരോപണം ഉന്നയിക്കുന്നത്. ജനങ്ങളെ സമരത്തിന് പ്രേരിപ്പിക്കുന്നു എന്ന അമിത് ഷായുടെ പ്രസ്താവന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും കരുത്തിനെ അംഗീകരിക്കുന്നതാണെന്ന് ശിവസേന എഡിറ്റോറിയലില്‍ പറയുന്നു.

‘രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജനങ്ങളെ സമരത്തിന് പ്രേരിപ്പിക്കുന്നു എന്ന ആരോപണത്തിലൂടെ ഗാന്ധി സഹോദരങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനത്തെയും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള കഴിവിനെയും അമിത് ഷാ അംഗീകരിക്കുകയാണ് ചെയ്യുന്നത്.’ – എഡിറ്റോറിയല്‍ പറയുന്നു.

പുതിയ പൗരത്വ നിയമം വിശദീകരിക്കുന്നതിനായി ലഘുലേഖകൾ വിതരണം ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും അദ്ദേഹത്തിന്‍റെ പാർട്ടിയും നിർബന്ധിതരാകുന്ന അവസ്ഥയാണുള്ളതെന്നും ലേഖനം പരിഹസിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യത്ത് ബി.ജെ.പി ഒറ്റപ്പെടുന്ന അവസ്ഥയാണുള്ളത്. മോദിയും അമിത് ഷായും രാജ്യത്ത് ഭിന്നിപ്പിന്‍റെ രാഷ്ട്രീയം കളിക്കുകയാണെന്നും ഇത് രാജ്യത്തിന് അപകടമാണെന്നും എഡിറ്റോറിയല്‍ പറയുന്നു.

പൗരത്വ നിയമത്തില്‍ ബി.ജെ.പിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. സമാധാനപരമായ പ്രതിഷേധ പരിപാടികള്‍ക്കാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നേതൃത്വം നല്‍കിയ പ്രതിഷേധങ്ങള്‍ക്ക് നിമിഷനേരം കൊണ്ട് വന്‍ ജനക്കൂട്ടമാണ് പിന്തുണയുമായെത്തിയത്. ഇവര്‍ക്ക് ലഭിക്കുന്ന വലിയ ജനസ്വീകാര്യത ബി.ജെ.പി കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്.

അതേസമയം പൗരത്വ വിഷയത്തില്‍ ബി.ജെ.പിയുടെ നില  പരുങ്ങലിലായിരിക്കുകയാണ്. ഡല്‍ഹിയില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ലജ്പത് നഗറില്‍ വീട് കയറി പ്രചാരണത്തിനെത്തിയ അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളികളുമായി ജനം രംഗത്തെത്തിയത് ബി.ജെ.പിക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവമായി. ഓരോ ദിവസവും ബി.ജെ.പിക്കും അമിത് ഷായ്ക്കുമെതിരായ പ്രതിഷേധം ശക്തമാവുകയാണ്.