പ്രളയക്കെടുതി : മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

Jaihind Webdesk
Thursday, August 23, 2018

മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ തകർത്ത ഭീകരമായ വെളളപ്പൊക്കം സർക്കാർ സൃഷ്ടിയാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മുഖ്യമന്ത്രിക്കും സർക്കാരിനും ഒളിച്ചോടാനാകില്ല. മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറയുന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം. ഡാമുകളെല്ലാം ഒന്നിച്ച് തുറന്ന് വിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന എന്റെ വാദങ്ങളെ നിഷേധിക്കുന്നതിന് മുഖ്യമന്ത്രി നിരത്തിയ വാദഗതികൾ വിചിത്രവും,വസ്തുതാ വിരുദ്ധവുമാണെന്ന് ചെന്നിത്തല തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കി. തന്‍റെ ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞ വാദങ്ങളും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വെള്ള പൊക്കം രൂക്ഷമായ ആഗസ്ത് 15 ന് രാത്രി 7.49 ന് പുറത്ത് വന്ന മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അപ്പോഴേക്കും സ്ഥിതിഗതികൾ അതീവ രൂക്ഷമായിരുന്നുവെന്നും ചെന്നിത്തല ചൂണ്ടികാട്ടി. കൃത്യമായ മുന്നറിയിപ്പ് നൽകിയെന്ന് മുഖ്യമന്ത്രി പറയുന്നതിൽ എന്താണർത്ഥമെന്നും ചെന്നിത്തല ചോദിച്ചു

താൻ പറഞ്ഞ കാര്യങ്ങൾക്ക് മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകിയില്ല. പറയാത്ത കാര്യങ്ങളാണ് പലതും വിശദീകിരച്ചിരിച്ചതെന്നും സ്വന്തം വീഴ്ച മറച്ച് വക്കാനാണ് ഇത്തരം പാഴ് ശ്രമങ്ങൾ അദ്ദേഹം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിന്‍റെ പൂര്‍ണ്ണരൂപം…