5 വര്‍ഷം ക്രിയാത്മക പ്രതിപക്ഷമായി ; അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തിയെന്നും രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, January 23, 2021

 

തിരുവനന്തപുരം : പ്രതിപക്ഷമെന്ന നിലയില്‍ കഴിഞ്ഞ 5 വര്‍ഷം ക്രിയാത്മക ഇടപെടലുകള്‍ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹകരിക്കേണ്ടതിനോട് പൂർണ്ണമായും സഹകരിക്കുകയും എതിർക്കേണ്ടതിനെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുകയുമാണ് ചെയ്തത്. ഐശ്വര്യകേരള യാത്ര തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കംകുറിക്കും. പ്രകടനപത്രിക ജനങ്ങളുടെ മാനിഫെസ്റ്റോ ആയിരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ 5 വർഷം നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം പൂർണമായും ജാഗ്രത പുലർത്തി. ചരിത്രത്തിൽ ഉണ്ടാകാത്ത വിധം ഇത്രയേറെ അഴിമതികൾ പുറത്തുകൊണ്ടുവരാൻ ആയതും പലതും സർക്കാരിനെക്കൊണ്ട് തിരുത്തിക്കാൻ കഴിഞ്ഞതും സർക്കാരിന്‍റെ  പ്രവർത്തനം വളരെ സൂക്ഷ്മമായി പിന്തുടർന്നിരുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രൂവറി-ഡിസ്റ്റിലറി തട്ടിപ്പ് മുതൽ പമ്പ മണൽകടത്ത് വരെ ഒട്ടേറെ അഴിമതികൾ അവസാനിപ്പിക്കാനും സർക്കാരിനെ കൊണ്ട് തിരുത്തിക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞു. സ്പീക്കറുടെ ഡയസ് തല്ലിത്തകർക്കുക സ്പീക്കറുടെ കസേര വലിച്ച് താഴേക്ക് ഇടുക തുടങ്ങി ഇടതുപക്ഷം ചെയ്തതുപോലുള്ള കോപ്രായങ്ങൾ കാണിക്കാൻ യുഡിഎഫ് മുതിർന്നില്ല. അന്തസുള്ള നിയമസഭാ പ്രവർത്തനമാണ് യുഡിഎഫ് നടത്തിയത്.

വിവിധ ജനകീയപ്രശ്നങ്ങളിൽ 173 അടിയന്തര പ്രമേയങ്ങൾ കൊണ്ടുവന്നു. ഇതിൽ ആറെണ്ണം ചർച്ച ചെയ്യാൻ സർക്കാർ നിർബന്ധിതമായി. സർക്കാരിൻറെ തെറ്റായ നിലപാടുകളിൽ പ്രതിഷേധിച്ച് 142 തവണ സഭയിൽ ഇറങ്ങിപ്പോക്ക് നടത്തി . നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധ പോരാട്ടം 48 തവണയാണ് നടത്തിയത്. കേന്ദ്ര സർക്കാരിന്‍റെ നോട്ടുനിരോധനവും ബീഫ് വിഷയത്തിലും പൗരത്വഭേദഗതി വിഷയത്തിലും പ്രളയ കാലത്തും കാലവർഷക്കെടുതിയിലു മടക്കം വിവിധ വിഷയങ്ങളിലെ പ്രമേയങ്ങളിൽ സർക്കാരുമായി സഹകരിക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

31ന് ആരംഭിക്കുന്ന ഐശ്വര്യകേരള യാത്രയോടെ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തുടക്കമാകും. ഐശ്വര്യ പുർണ്ണമായ കേരളം സൃഷ്ടിക്കാൻ സംശുദ്ധവും സദ്ഭരണം കൊണ്ട് വരാൻ ഉതകുന്ന അഭിപ്രായങ്ങൾ സ്വീകരിച്ച് മാനിഫെസ്റ്റോ തയ്യാറാക്കും. പ്രകടന പത്രിക ജനങ്ങളുടെ മാനിഫെസ്റ്റോ ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു.  മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ജയിലിലായതും മറ്റ് ചില സംസ്ഥാനങ്ങളിലെ കേന്ദ്ര ഏജൻസികളുടെ നടപടികളും താരതമ്യം ചെയ്യാനാവില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.