സഭയുടെ അന്തസ് ഇടിച്ചുതാഴ്ത്തിയ സ്പീക്കറെന്ന് രമേശ് ചെന്നിത്തല ; അഞ്ച് കോടിയുടെ കരാര്‍ നല്‍കിയാല്‍ അവാർഡൊക്കെ ലഭിക്കുമെന്നും പരിഹാസം

Jaihind News Bureau
Thursday, January 21, 2021

 

തിരുവനന്തപുരം : പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന പ്രമേയത്തില്‍ സ്പീക്കര്‍ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയുടെ അന്തസ് ഇടിച്ചുതാഴ്ത്തിയ ആദ്യത്തെ സ്പീക്കറായിട്ടാകും പി ശ്രീരാമകൃഷ്ണന്‍റെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തുകയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്പീക്കറുടെ കസേരയിലിരിക്കാന്‍ ശ്രീരാമകൃഷ്ണന് എന്ത് യോഗ്യതയാണുള്ളതെന്നും രമേശ് ചെന്നിത്തല പ്രമേയത്തെ പിന്താങ്ങിക്കൊണ്ട് ചോദിച്ചു.

” ജനാധിപത്യത്തില്‍ ഏറ്റവും മഹത്തായ സ്ഥാനമാണ് സ്പീക്കറുടേത്. സ്പീക്കര്‍ സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ഭരണഘടനയാണ് സ്പീക്കര്‍ക്ക് മാര്‍ഗദീപമാകേണ്ടത്. എന്നാല്‍ ഇവിടുത്തെ കാര്യത്തില്‍ നിയമസഭയുടെ അന്തസ് ഇടിച്ചുത്താഴ്ത്തിയ ആദ്യത്തെ സ്പീക്കറായിട്ടാകും പി ശ്രീരാമകൃഷ്ണന്‍റെ പേര് ചരിത്രം രേഖപ്പെടുത്തുക. പക്വതയെത്തിയ രാഷ്ട്രീയ പ്രവര്‍ത്തകരാണ് സ്പീക്കറാവുക. അവര്‍ സ്പീക്കറായാല്‍ നിഷ്പക്ഷരാകും. എന്നാല്‍ ആ ജനാധിപത്യ സങ്കല്‍പത്തെ ശ്രീരാമകൃഷ്ണന്‍ തകര്‍ത്തെറിഞ്ഞു. കഴിഞ്ഞ നിയമസഭയില്‍ സ്പീക്കറുടെ ഇരിപ്പിടം വലിച്ചെറിഞ്ഞ സംഘത്തിലെ അംഗമല്ലേ അങ്ങ്? സ്പീക്കര്‍ പദവിയുടെ മഹത്വം തിരിച്ചറിഞ്ഞ ആര്‍ക്കും അത് ചെയ്യാന്‍ പറ്റില്ല. ഈ നിയമസഭയില്‍ തന്നെ സ്പീക്കറായി പരിഗണിക്കാന്‍ പാടില്ലെന്ന് അങ്ങ് സ്വയം പറയണമായിരുന്നു. സ്പീക്കറുടെ കസേര എടുത്തെറിഞ്ഞ ആള്‍ക്ക് ആ കസേരയില്‍ ഇരുന്ന് അംഗങ്ങളെ നിയന്ത്രിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്?” – രമേശ് ചെന്നിത്തല ചോദിച്ചു.

കേരള ചരിത്രത്തില്‍ ഏതെങ്കിലും ഒരു സ്പീക്കറെ ബന്ധപ്പെടുത്തി കള്ളക്കടത്ത് വാര്‍ത്തകള്‍ വന്നിട്ടുണ്ടോ? ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിടിയിലായവരുമായുള്ള സ്പീക്കറുടെ ബന്ധം സംശയാസ്പദമാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷുമായി സ്പീക്കര്‍ക്ക് എന്താണ് ബന്ധം? സ്വര്‍ണക്കള്ളക്കടത്തുകാരുമായുള്ള സ്പീക്കറുടെ സൗഹൃദം സഭയെ കളങ്കപ്പെടുത്തുന്നതാണെന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന് പോലും നിഷേധിക്കാനാവില്ല. സ്പീക്കറുടെ പദവിയിലിരുന്ന് യോഗ്യതയില്ലാത്ത കാര്യങ്ങള്‍ ചെയ്തതിനാണ് അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കണമെന്ന പ്രമേയം കൊണ്ടുവന്നത്” – രമേശ് ചെന്നിത്തല പറഞ്ഞു. സ്പീക്കർ കസേരയില്‍ ഇരിക്കുമ്പോള്‍ പാര്‍ട്ടിക്കാരനാകാന്‍ പാടില്ലെന്നും സര്‍ക്കാരിന്‍റെ ചട്ടുകമായി പ്രവര്‍ത്തിച്ചെന്ന ഗുരുതര ആരോപണമാണ് സ്പീക്കര്‍ക്കെതിരേ ഉള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിയമസഭയിലെ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരില്‍ നടക്കുന്ന സാമ്പത്തിക ധൂര്‍ത്തിനെയും രമേശ് ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരമൊരു ധൂർത്ത് നടത്തിയതിന് ശങ്കരനാരായണന്‍ തമ്പിയുടെ ആത്മാവ് പോലും പൊറുക്കില്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ലാളിത്യത്തിന്‍റെ പ്രതീകമായ  ശങ്കരനാരായണന്‍ തമ്പിയുടെ പേരില്‍ ഇത്രയും വലിയ ധൂര്‍ത്ത് കാണിക്കാന്‍ ഒരു കമ്യൂണിസ്റ്റുകാരനായിട്ട് എങ്ങനെ തോന്നിയെന്നും അദ്ദേഹം ചോദിച്ചു. സഭാ ടി.വിയുടെ പേരില്‍ നടത്തുന്ന ധൂർത്തിനെയും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സഭാ ടി.വി എന്ന ആശയത്തിന് എതിരല്ലെന്നും  എന്നാല്‍ അതിന്‍റെ പേരിലുള്ള ധൂര്‍ത്തിനെയാണ് എതിര്‍ക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 60,000 രൂപ വരെ പ്രതിമാസ ശമ്പളം നല്‍കി അഞ്ച് കണ്‍സള്‍ട്ടന്‍റുമാരാണ് അവിടെയുള്ളത്. വാങ്ങിക്കുന്ന സ്പൂണിന് പോലും നിയമസഭാ സെക്രട്ടേറിയേറ്റില്‍നിന്ന് പണം നല്‍കുന്നത് തരംതാണ നടപടിയാണ്. റിസര്‍ച്ച് അസിസ്റ്റന്‍റുമാരെ കൂടെകൂടെ നിയമിക്കുന്നു. അവരെല്ലാം സംവിധായകന്‍ കമല്‍ പറഞ്ഞ ആള്‍ക്കാരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്പീക്കർക്ക് അവാർഡ് ലഭിച്ചു എന്ന് എം സ്വരാജ് പറഞ്ഞതിനെ രമേശ് ചെന്നിത്തല പരിഹസിച്ചു. എം.ഐ.ടി ആണ് സ്പീക്കര്‍ക്ക് അവാര്‍ഡ് കൊടുത്തത്. അവര്‍ക്കാണ് ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ പേരില്‍ അഞ്ച് കോടിയുടെ കരാര്‍ നല്‍കിയത്. അഞ്ച് കോടിയുടെ കരാര്‍ നല്‍കിയാല്‍ ഇന്ത്യയിലെ ഏറ്റവും നല്ല സ്പീക്കര്‍ക്കുള്ള അവാര്‍ഡൊക്കെ ലഭിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു.