കെവിന്‍ വധക്കേസ്: രണ്ടാം ഘട്ട വിചാരണയ്ക്ക് ഇന്ന് തുടക്കം

Jaihind Webdesk
Monday, May 13, 2019

Kevin-Murder Case

കോട്ടയം: കെവിൻ വധക്കേസിൽ രണ്ടാംഘട്ട വിചാരണ ഇന്ന് ആരംഭിക്കും. പതിനൊന്നാം സാക്ഷിയും കെവിന്‍റെ പിതാവുമായ ജോസഫ് ഉൾപ്പെടെ ഏഴ് സാക്ഷികളുടെ വിസ്താരം ഇന്നു നടക്കും. ആദ്യഘട്ടത്തിൽ 18 സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയായത്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിയാണ് കേസ് പരിഗണിക്കുന്നത്.

കെവിന്‍റെ പിതാവ് ജോസഫ്, ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന ടി.എം ബിജു, സി.പി.ഒ അജയകുമാർ എന്നിവരുൾപ്പെടെ എട്ട് പേരെയാണ് ഇന്ന് വിസ്തരിക്കുന്നത്. കേസിലെ നിർണായക സാക്ഷികളാണ് ബിജുവും അജയകുമാറും. ഒന്നാം പ്രതി സാനു ചാക്കോ സഞ്ചരിച്ച കാർ പരിശോധിച്ചതും ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതും 2,000 രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചതും ബിജുവാണ്. കെവിനെ വിട്ടുകിട്ടാനായി ബിജു പിന്നീട് ഫോണിൽ
പ്രതികളുമായി ആശയ വിനിമയം നടത്തി. ഈ ഫോൺ സംഭാഷണം കോടതി നേരത്തെ പരിശോധിച്ചിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷം ബിജുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. പത്ത് ദിവസത്തെ അവധിക്ക് ശേഷമാണ് വിചാരണ പുനഃരാരംഭിക്കുന്നത്.

ആദ്യഘട്ട വിചാരണക്കിടെ നീനുവും കെവിന്‍റെ ബന്ധു അനീഷും ഉൾപ്പെടെ പതിനെട്ട് സാക്ഷികളുടെ വിസ്താരം പൂർത്തിയായിരുന്നു. കെവിന്‍റേത് ദുരഭിമാന കൊലയാണെന്നും, കൊലയ്ക്ക് കാരണം പിതാവ് ചാക്കോയും സഹോദരൻ ഷാനുവുമാണെന്നും നീനു മൊഴി നൽകി. കേസിൽ 186 സാക്ഷികളും 180 രേഖകളുമാണ് പരിഗണിക്കുന്നത്. പ്രത്യേക കേസായതിനാൽ ജൂൺ ആറിനകം വിചാരണ പൂർത്തിയാക്കി കോടതി വിധി പ്രസ്താവത്തിലേക്ക് കടന്നേക്കും.