കെവിന്‍ ദുരഭിമാനക്കൊലയില്‍ ശിക്ഷാവിധി ഇന്ന്

Jaihind Webdesk
Saturday, August 24, 2019

Kevin-Murder-case-trial

കേരളത്തെ ഞെട്ടിച്ച കെവിൻ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്. കോടതി കുറ്റവാളികളെന്ന് കണ്ടെത്തിയ പത്ത് പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്നുണ്ടാകും. ദുരഭിമാന കൊലയെന്ന് കോടതി വലയിരുത്തിയ സംസ്ഥാനത്തെ ആദ്യ കേസിൽ സംഭവം നടന്ന് ഒന്നേകാൽ വർഷത്തിനുള്ളിലാണ് വിധിയുണ്ടാകുന്നത്. നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്.

ഇന്ത്യൻ ശിക്ഷാ നിയമം 364 എ പ്രകാരം മോചനദ്രവ്യം ആവശ്യപ്പെട്ടല്ലാതെ ഒരു വ്യക്തിയെ തട്ടിക്കൊണ്ടു പോയി വിലപേശുന്ന കുറ്റം തെളിയിക്കപ്പെട്ട, രാജ്യത്തെ ആദ്യ കേസാണ് കെവിൻ വധക്കേസ്. ഇതിനുപുറമെ പത്ത് പ്രതികൾക്കുമെതിരെ കൊലപാതകം, ഭീഷണിമുഴക്കൽ എന്നീ കുറ്റങ്ങളും തെളിഞ്ഞു. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഒന്നാം പ്രതി ഷാനു ചാക്കോയ്ക്ക് പുറമെ രണ്ടാം പ്രതി നിയാസ്, മൂന്നാം പ്രതി ഇഷാൻ, നാലാം പ്രതി റിയാസ് ഇബ്രാഹിം എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. ഐ.പി.സി 120 ബി പ്രകാരം എഴ് വർഷം വരെ തടവ് ലഭിക്കാം.

2,4,6,9,11,12 പ്രതികൾ ഭവനഭേദനം, മുതൽ നശിപ്പിക്കൽ, തുടങ്ങി പത്ത് വർഷം അധിക തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചെയ്തു. ഏഴാം പ്രതി ഷിഫിൻ സജാദ് തെളിവ് നശിപ്പിച്ചതായും തെളിഞ്ഞു. എഴ് വർഷം തടവ് ലഭിച്ചേക്കാം. 8,12 പ്രതികൾ മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന മാരകമായ ഉപദ്രവം നടത്തിയെന്ന് കണ്ടെത്തി. സംഭവം ദുരഭിമാന കൊലയാണെന്ന് കോടതി നിരീക്ഷണം ഉണ്ടായതോടെ, കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കാനുള്ള സാധ്യതയും കുറവല്ല. ഇതുണ്ടായാൽ വധശിക്ഷ വരെ പ്രതികൾക്ക് ലഭിച്ചേക്കാമെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ.