കെവിന്‍ കേസില്‍ വിധി 22ന്

Jaihind News Bureau
Wednesday, August 14, 2019

Kevin-Murder-case-trial

കെവിന്‍ കേസില്‍ വിധി പറയുന്നത്  22ലേയ്ക്ക് മാറ്റി.   കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെവിന്‍റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇത് നിഷേധിക്കുന്ന നിലപാടാണ് പ്രതിഭാഗം കോടതിയില്‍ സ്വീകരിച്ചത്.

കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.   കെവിൻ പിന്നാക്ക വിഭാഗത്തിൽപ്പെട്ടയാളാണ്. ഇതിന്‍റെ രേഖകളും ഹാജരാക്കി.   മുഖ്യ സാക്ഷി ലിജോയോട് ഒന്നാം പ്രതി സാനു ചാക്കോ നടത്തിയ ഫോൺ സംഭാഷണം ദുരഭിമാനക്കൊലയാണെന്നതിന് തെളിവാണ്.  ചാക്കോ ലിജോയോടും കെവിൻ താഴ്ന്ന ജാതിയിൽ പെട്ടയാണെന്ന് പറഞ്ഞുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

എന്നാല്‍, നടന്നത് ദുരഭിമാന കൊല അല്ലെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. ഒരു മാസത്തിനകം വിവാഹം നടത്താമെന്ന് നീനുവിന്‍റെ അച്ഛന്‍ ചാക്കോ പറഞ്ഞിരുന്നുവെന്നും.  രണ്ട് കൂട്ടരും ക്രിസ്ത്യാനികളാണെന്നും അതിനാല്‍ താഴ്ന്ന ജാതി മേൽ ജാതി എന്നത് നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇക്കാര്യം അനീഷ് മൊഴി നല്കിയിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

കെവിന്‍റെ ഭാര്യ നീനുവിന്‍റെ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ എന്നിവരുള്‍പ്പടെ 14 പ്രതികളാണ് കേസിൽ ഉള്ളത്.   2018 മെയ് 28ന് പുലർച്ചെ തെന്മലയിൽ ചാലിയക്കര തോട്ടിൽ നിന്നാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന നിയാസും റിയാസുമാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ഷാനു ചാക്കോയെയും അച്ഛൻ ചാക്കോ ജോണിനെയും പിടികൂടി.

കെവിനെ ഓടിച്ച് ആറ്റിൽ ചാടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. കെവിന്‍റേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കെവിനെ ബലമായി വെള്ളത്തിൽ മുക്കിക്കൊന്നതെന്ന് ഫോറൻസിക് റിപ്പോർട്ടും പിന്നാലെ വന്നു.