കെവിന്‍ വധക്കേസില്‍ 10 പേര്‍ കുറ്റക്കാര്‍; ദുരഭിമാനക്കൊലയെന്നും കോടതി; ശിക്ഷാവിധി ശനിയാഴ്ച

Jaihind News Bureau
Thursday, August 22, 2019

Kevin-23

കെവിൻ വധക്കേസിൽ പത്തു പ്രതികൾ കുറ്റക്കാരെന്ന് കോടതി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയത്. ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും. കെവിന്‍റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി കണ്ടെത്തി. കേസിൽ കെവിന്‍റെ ഭാര്യ നീനുവിന്‍റെ അച്ഛൻ ചാക്കോ ജോണിനെ വെറുതെ വിട്ടു. നീനുവിന്‍റെ സഹോദരൻ സാനു ചാക്കോ, നിയാസ് മോരൻ, ഇഷാൻ ഇസ്മയിൽ, റിയാസ്, മനു, ഷിഫിൻ, നിഷാദ്, ഫസിൽ, ഷാനു ഷാജഹാൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

നീനുവിന്‍റെ അച്ഛൻ ചാക്കോ ജോ‍ൺ, നീനുവിന്‍റെ സഹോദരൻ സാനു ചാക്കോ തുടങ്ങി 14 പ്രതികളാണു കേസിലുണ്ടായിരുന്നത്. 7 പ്രതികൾ പതിന്നാലര മാസമായി ജാമ്യം ലഭിക്കാതെ റിമാൻഡിലാണ്. 2 പ്രതികൾ 6 മാസത്തിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയെങ്കിലും വിസ്താരസമയത്തു സാക്ഷിയെ മർദിച്ചതായി കേസ് വന്നതോടെ ജാമ്യം റദ്ദാക്കിയിരുന്നു.

ആകെ 113 സാക്ഷികളാണുള്ളത്. വിസ്താരത്തിനിടെ ആറു സാക്ഷികൾ കൂറുമാറിയിരുന്നു. ഇവരിൽ രഹസ്യമൊഴി നൽകിയ ശേഷം കൂറുമാറിയ സാക്ഷിക്കെതിരെ നടപടിയെടുക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കെവിന്‍റെ ഒപ്പം തട്ടിക്കൊണ്ടുപോയ ഇരയും പ്രധാന സാക്ഷിയുമായ അനീഷ് സെബാസ്റ്റ്യൻ, കെവിന്‍റെ ഭാര്യ നീനു, കെവിന്‍റെ അച്ഛൻ ജോസഫ്, കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന സാനു ചാക്കോ സഞ്ചരിച്ച കാർ പരിശോധിക്കുകയും പ്രതികളുടെ ചിത്രങ്ങൾ പകർത്തുകയും ഇവരുമായി പല തവണ ഫോണിൽ സംസാരിക്കുകയും ചെയ്ത എഎസ്ഐ ടി.എം.ബിജു തുടങ്ങിയവരെ കോടതിയിൽ വിസ്തരിച്ചു. പ്രധാന സാക്ഷികൾ എല്ലാം പ്രതികൾക്കെതിരെ മൊഴി നൽകി.

കെവിന്‍റെ ഭാര്യ നീനുവിന്‍റെ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ എന്നിവരുള്‍പ്പടെ 14 പ്രതികളാണ് കേസിൽ ഉള്ളത്. 2018 മെയ് 28ന് പുലർച്ചെ തെന്മലയിൽ ചാലിയക്കര തോട്ടിൽ നിന്നാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന നിയാസും റിയാസുമാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ഷാനു ചാക്കോയെയും അച്ഛൻ ചാക്കോ ജോണിനെയും പിടികൂടി. കെവിനെ ഓടിച്ച് ആറ്റിൽ ചാടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. കെവിന്‍റേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കെവിനെ ബലമായി വെള്ളത്തിൽ മുക്കിക്കൊന്നതെന്ന് ഫോറൻസിക് റിപ്പോർട്ടും പിന്നാലെ വന്നു.