ഒരാഴ്ച പിന്നിട്ട് ലോറി സമരം; നിത്യോപയോഗസാധനങ്ങളുടെ വില കുതിക്കുന്നു

Jaihind News Bureau
Thursday, July 26, 2018

ലോറി സമരം ഒരാഴ്ച പിന്നിട്ടതോടെ കടുത്ത പ്രതിസന്ധി നേരിടുകയാണ് കേരളത്തിലെ പൊതു വിപണി. ചരക്കുലോറികൾ എത്താതായതിനെ തുടർന്ന് പച്ചക്കറിക്കും പഴങ്ങൾക്കും വില ഇരട്ടിയായി. സംസ്ഥാനത്തേക്കുള്ള അരിയുടെ വരവും ഗണ്യമായി കുറഞ്ഞു.

ഒരാഴ്ചയായി തുടരുന്ന ലോറി സമരം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റമാണ് പ്രധാന പ്രതിസന്ധി. സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നുളള പച്ചക്കറി വരവ് നിലച്ചതോടെയാണ് വില കുത്തനെ ഉയർന്നത്.

തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പച്ചക്കറി എത്തുന്നത്. സമരത്തോടെ ഇവിടങ്ങളിൽനിന്നുളള പച്ചക്കറി വരവ് പൂർണമായും നിലച്ചു. കേരളത്തിലേക്കുളള അരിയുടെ വരവും ഗണ്യമായി കുറഞ്ഞു. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്നുമാണ് കേരളത്തിലേക്ക് പ്രധാനമായും അരി എത്തുന്നത്. ഇപ്പോൾ അരിയുടെ വരവ് നാലിലൊന്നായി കുറഞ്ഞു.

കർക്കിടക മാസമായതിനാൽ പൊതുവെ അരിക്കിപ്പോൾ വിറ്റുവരവ് കുറവാണ്. ചിങ്ങത്തിൽ ധാരാളം വിവാഹങ്ങളും ഓണവും വരുന്നതിനാൽ ഇപ്പോഴേ ശേഖരിക്കാറാണ് പതിവ്. എന്നാല്‍ അരിയുടെ വരവ് നിലച്ചതിനാല്‍ സംഭരണവും നടക്കുന്നില്ല.നിലവിലുള്ള സ്റ്റോക്കും തീർന്നുവരികയാണ്.

ലോറി സമരം തുടർന്നാൽ ജയ,സുരേഖ, മട്ട എന്നിവയ്ക്ക് അടുത്തയാഴ്ചയോടെ വലിയ തോതിൽ വില വർധിക്കും. കോഴിമുട്ടയ്ക്കും വില കൂടി. തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നാണ് കേരളത്തിൽ മുട്ട എത്തുന്നത്. ലോറി സമരം കോഴി കർഷകരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സമരം കാരണം കോഴിത്തീറ്റ ലഭിക്കാത്തതാണ് കോഴി കർഷകരെ വലയ്ക്കുന്നത്.

സമരം നടത്തുന്ന ചരക്ക് ലോറി ഉടമകളുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ചർച്ച നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. സമരക്കാർ ഉന്നയിക്കുന്ന നാല് വിഷയങ്ങളും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്നും കേന്ദ്രസർക്കാരാണ് ഇതിൽ നടപടിയെടുക്കേണ്ടതെന്നുമാണ് മന്ത്രി സമരക്കാരെ അറിയിച്ചത്.

എന്നാൽ അഖിലേന്ത്യാ സമരമായതിനാൽ പിൻവലിക്കാനാവില്ലൊണ് സംസ്ഥാനത്തെ ലോറി ഉടമകളുടെ നിലപാട്.