സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു; വിലവര്‍ദ്ധന തുടര്‍ച്ചയായ നാലാംദിവസം

Jaihind News Bureau
Friday, September 20, 2019

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായ നാലാംദിവസമാണ് വില ഉയരുന്നത്. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് ഉയര്‍ന്നത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 75 രൂപ 13 പൈസയായി വര്‍ധിച്ചു. ഡീസല്‍ വില 70 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 76 രൂപ 47 പൈസയാണ്. ഡീസല്‍ വില 71 രൂപ 35 പൈസയും.

കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 75 രൂപ 46 പൈസ, 70 രൂപ 33 പൈസ എന്നിങ്ങനെയാണ്.

സൗദിയിലെ എണ്ണ പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ധന വില കുത്തനെ ഉയരും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആഭ്യന്തര വിപണിയിലെ നേരിയ തോതിലുള്ള വില വര്‍ധന.