തുടർച്ചയായ നാലാം ദിവസവും ഡീസല്‍ വിലയില്‍ വർധനവ്

Jaihind News Bureau
Sunday, December 22, 2019

സംസ്ഥാനത്ത് ഡീസൽ വിലയിൽ വീണ്ടും വർധനവ്. രാജ്യമൊന്നാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടയിലാണ് കേന്ദ്രവും എണ്ണക്കമ്പനികളും എണ്ണക്കൊള്ള തുടരുന്നത്. കഴിഞ്ഞ നാലു ദിവസം കൊണ്ട് 74 പൈസയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഡീസൽ വിലയിൽ 21 പൈസയുടെ
വർധനവാണ് ഉണ്ടായിരിക്കുന്നത്.

മാറ്റമില്ലാതെ തുടർന്ന ഡീസൽ വിലയിൽ കഴിഞ്ഞ നാല് ദിവസമായി വർധനവ് തുടരുകയാണ്. ഡീസൽ ലിറ്ററിന് 21 പൈസ കൂടി 71.62 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഡീസൽ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ മുതലാണ് ഡീസൽ വിലയിൽ വർധനവ് രേഖപ്പെടുത്തി തുടങ്ങിയത്.
നവംബറിൽ പെട്രോൾ വിലയിൽ വൻ വ്യതിയാനങ്ങൾ ദൃശ്യമായിരുന്നു. എന്നാൽ അന്ന് ഡീസൽ വിലയിൽ കാര്യമായ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല.

നേരത്തെ കേന്ദ്ര സർക്കാരിന്‍റെ ആദ്യ ബജറ്റിൽ എക്‌സൈസ് നികുതിയും സെസും വർധിപ്പിച്ചതിനെ തുടർന്നാണ് ഇന്ധനവില കുത്തനെ ഉയർന്നത്. ഇന്ധന നിരക്കിൽ ഒരു രൂപ വീതം എക്‌സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസുമാണ് കേന്ദ്ര സർക്കാർ ചുമത്തിയത്. രാജ്യമെമ്പാടും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയരുന്ന അവസരത്തിലാണ് സാധാരണക്കാരനെ വലച്ചു കൊണ്ടുള്ള ഈ വിലവർധനവ്.