പാചകവാതക വില വർധന : വിമർശനവുമായി ജനം; ഒപ്പം പഴയ വീഡിയോ ശോഭ സുരേന്ദ്രനെ തിരിച്ചടിക്കുന്നു… സോഷ്യല്‍ മീഡിയയില്‍ വൈറലായി ശോഭ സുരേന്ദ്രന്‍റെ പരാതി

Jaihind News Bureau
Thursday, February 13, 2020

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പാചകവാതക വില കുത്തനെ വർധിപ്പിച്ച് സർക്കാർ ജനങ്ങൾക്ക് ഇരുട്ടടി തന്നിരിക്കുകയാണ്. ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിനാണ് വില കുത്തനെ കൂട്ടിയത്. സാമ്പത്തിക ഞെരുക്കത്തിനിടയിൽ പാചകവാതക വില വർധിപ്പിച്ചത് കുടുംബ ബജറ്റിനെ താളം തെറ്റിക്കും. സർക്കാരിനെതിരെ വിമർശനം ഉയരുന്നതോടൊപ്പം ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍റെ ഒരു പഴയ വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ്.

“അടുക്കളകളുടെ കാര്യം വളരെ കഷ്ടമാണ്. കുട്ടികൾക്ക് കഞ്ഞികൊടുക്കാൻ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് വീട്ടമ്മമാർ സാധനങ്ങളൊക്കെ എത്തിച്ചു എന്നു തന്നെയിരിക്കട്ടെ. അത് പാചകം ചെയ്യാൻ ഗ്യാസിന്‍റെ വിലയെന്താ? ഒരിരട്ടിയോ രണ്ടിരട്ടിയോ അല്ല മൂന്നിരട്ടി വില വർധിച്ചു,” എന്നാണ് വീട്ടിലെ അടുക്കളയിൽ നിന്നുകൊണ്ട് സംസാരിക്കുന്ന വീഡിയോയിൽ ശോഭാ സുരേന്ദ്രൻ പറയുന്നത്.

https://www.facebook.com/chintha.tk/videos/2887466497977868/

കേന്ദ്രസർക്കാരിനെയും ബിജെപിയെയും പരിഹസിക്കാനും വിമർശിക്കാനും സോഷ്യൽ മീഡിയ ഇപ്പോൾ ഈ വീഡിയോ ആണ് ഉപയോഗിക്കുന്നത്.

ഗാർഹിക ഉപഭോക്‌താക്കൾക്ക് 14.2 കിലോ സിലിണ്ടറിനു 146 രൂപ വർധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് 850.50 പെെസയാണ് ഇന്നു മുതൽ വില. പുതിയ നിരക്ക് നിലവിൽ വന്നതായി എണ്ണ കമ്പനികൾ അറിയിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ തുക കഴിഞ്ഞ ആഴ്‌ച വർധിപ്പിച്ചിരുന്നു.

ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന്‌ പിന്നാലെയാണ് ഗാർഹിക ഉപഭോക്‌താക്കൾക്ക് 14.2 കിലോ പാചകവാതക സിലിണ്ടറിനു 146 രൂപ വർധിപ്പിച്ചത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു വില വർധനവ് തൽക്കാലത്തേക്ക് മാറ്റിവച്ചതെന്നാണ് റിപ്പോർട്ട്. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ എണ്ണ വില വര്‍ധന നീട്ടിവയ്‌ക്കാൻ കമ്പനികള്‍ക്ക് മേല്‍ വന്‍ സമ്മര്‍ദ്ദമാണുള്ളതെന്ന് റിപ്പോർട്ടുകള്‍ വന്നിരുന്നു. എല്ലാ മാസവും ഒന്നാം തിയതിയാണ് വില വർധിപ്പിക്കുന്നത്. എന്നാൽ, ഇക്കുറി വില വർധിപ്പിച്ചിരുന്നില്ല.