മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരം; ഇടതുപക്ഷത്തിനു നല്‍കുന്ന ഓരോ വോട്ടും പാഴാകും: എം.എം.ഹസന്‍

Jaihind Webdesk
Thursday, April 25, 2024

തിരുവനന്തപുരം: ഇടതുപക്ഷത്തിനു നല്‍കുന്ന ഓരോ വോട്ടും പാഴാകുമെന്ന്  കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എംഎം ഹസന്‍. ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ വരെ രംഗത്തുവന്നിട്ടുള്ള സിപിഎം ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന് പരമാവധി സീറ്റ് ലഭിച്ചാല്‍ മാത്രമേ മൂന്നാംവട്ടം അധികാരത്തിലേറാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്ന മോദിയെ തടയാനാകൂ. അതിനാല്‍ ഓരോ സീറ്റും ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. ഇക്കാര്യം വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ആണവക്കരാറിന്‍റെ മറവില്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച ചരിത്രവും സിപിഎമ്മിനുണ്ട്. വിപി സിംഗ് സര്‍ക്കാരിനെ ബിജെപിയും ഇടതുപക്ഷവും ഒരുമിച്ചു നിന്നാണ് സംരക്ഷിച്ചത്. ഇടതുപക്ഷത്തെ വിശ്വസിക്കാനാവില്ല എന്നത് ചരിത്രസത്യവുമാണ്. മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരമാണ് ഈ തിരഞ്ഞെടുപ്പിലെ അന്തര്‍ധാര. തിരഞ്ഞെടുപ്പു വേളയില്‍പ്പോലും പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നതും മണിപ്പൂര്‍ ഇപ്പോഴും കത്തിയെരിയുന്നതും ഭരണഘടന പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചതുമൊക്കെ ഓര്‍ക്കാനുള്ള സമയമാണിത്.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്‍കാനുള്ള അവസരം കൂടിയാണിത്. പെന്‍ഷനുകള്‍ നല്‍കാത്തതും ആശുപത്രികളില്‍ മരുന്നില്ലാത്തതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുമായ നിരവധി ജനദ്രോഹനടപടികള്‍ ഓര്‍ക്കാനും പ്രതികരിക്കാനുമുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.