രാജ്യസുരക്ഷയില്‍ അലംഭാവം; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് RSS മേധാവി മോഹന്‍ ഭഗവത്

Jaihind Webdesk
Friday, January 18, 2019

 

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. രാജ്യസുരക്ഷയില്‍ മോദി സര്‍ക്കാരിന് അലംഭാവമെന്ന് മോഹന്‍ ഭഗവത് കുറ്റപ്പെടുത്തി. നാഗ്പുരില്‍ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു ആര്‍.എസ്.എസ് മേധാവിയുടെ വിമര്‍ശനം.

യുദ്ധം ഇല്ലാത്ത സാഹചര്യത്തില്‍ പോലും അതിര്‍ത്തിയില്‍ നമ്മുടെ പട്ടാളക്കാര്‍ മരിച്ചുവീഴുന്നു. ഇങ്ങനെ സംഭവിക്കുന്നത് നാം നമ്മുടെ ചുമതല കൃത്യമായി നിര്‍വഹിക്കാത്തതുകൊണ്ടാണെന്നായിരുന്നു ഭഗവതിന്‍റെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ഭഗവത് ഈ പ്രസ്താവനയിലൂടെ ലക്ഷ്യമിട്ടത്.

സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് നിരവധി ആളുകള്‍ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം യുദ്ധങ്ങളുണ്ടായപ്പോഴും നിരവധി പേര്‍ വീരചരമം വരിച്ചിട്ടുണ്ട്. എന്നാല്‍ യുദ്ധം ഇല്ലാതിരുന്നിട്ടും  ഇപ്പോള്‍ അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ മരിച്ചു വീഴുകയാണ്.  ഇത് നാം നമ്മുടെ ജോലി കൃത്യമായി ചെയ്യാത്തതുകൊണ്ടാണ് – മോഹന്‍ ഭഗവത് പറഞ്ഞു.