വസ്തുതകൾ വളച്ചൊടിക്കുന്നതിൽ അരുൺ ജെയ്റ്റ്‌ലി മിടുക്കനെന്ന് രാഹുൽ ഗാന്ധി

Jaihind News Bureau
Sunday, September 23, 2018

റാഫേൽ ഇടപാടിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. പ്രധാനമന്ത്രി മറുപടി പറയണമെന്ന നിലപാടിലാണ് കോൺഗ്രസ്. അതേസമയം കരാറിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് അരുൺ ജെയ്റ്റ്‌ലി.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് അനില്‍ അംബാനിയുടെ റിലയന്‍സും ഡസോള്‍ട്ടും തമ്മിലുള്ള ഓഫ്‌സെറ്റ് പദ്ധതി രൂപപ്പെട്ടതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡണ്ടിന്റെ വെളിപ്പെടുത്തലില്‍ നിന്നും വ്യക്തമാണ്. ഫ്രഞ്ച് വിദേശകാര്യമന്ത്രാലത്തിന്റെ പ്രസ്താവനയും ഈ സാധ്യതയെ ഉറപ്പിക്കുന്നു. വസ്തുതകൾ വളച്ചൊടിക്കുന്നതിൽ അരുൺ ജെയ്റ്റ്ലി മിടുക്കനാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ജെയ്റ്റ്ലിയും പ്രതിരോധ മന്ത്രിയും നിരന്തരം കള്ളം പറയുകയാണെന്ന് ട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധി വിഷയത്തിൽ ജെ.പി.സി അന്വേഷണം വേണമെന്ന് ആവർത്തിച്ചു. അതേ സമയം കമ്പനികള്‍ തെരഞ്ഞെടുക്കുന്ന വ്യാപാര പങ്കാളികള്‍ അവരുടെ മാത്രം സ്വതന്ത്ര തീരുമാനത്തിന് കീഴില്‍ വരുന്ന കാര്യമാണെന്നും അതില്‍ സര്‍ക്കാരിന് യാതൊന്നും പറയാനില്ലെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഡസോള്‍ട്ടിന്റെ സ്വതന്ത്രതീരുമാനം എന്ന് പറയുന്നതുവഴി തങ്ങള്‍ക്കിതില്‍ യാതൊരു ഇടപാടും ഇല്ല എന്ന് വ്യക്തമാക്കുകയാണ് ഫ്രാന്‍സ് ചെയ്തിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ഉയരുന്ന ചോദ്യം മോദിയോ സര്‍ക്കാരോ അനില്‍ അംബാനിയെ ഓഫ്‌സെറ്റ് കരാറില്‍ ഉള്‍പ്പെടുത്താനായി അന്യായമായി ഇടപെട്ടുവോ എന്നതാണ്. അന്യായമായി ഇടപെട്ടിട്ടില്ലെങ്കില്‍ മുന്‍ ഫ്രഞ്ച് പ്രസിഡണ്ടിന്റെയും അദ്ദേഹത്തിന്റെ പങ്കാളിയുടെയും ഫ്രഞ്ച് വിദേശകാര്യമന്ത്രാലയത്തിന്റെയുമെല്ലാം പ്രസ്താവനകള്‍ നുണയാണെന്ന് പറയേണ്ടി വരും. നുണയാണെങ്കില്‍ അത് ചൂണ്ടിക്കാട്ടാന്‍ മോദി എന്തിനാണ് ഭയപ്പെടുന്നത് എന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ചോദ്യം.