ഹിന്ദി അടിച്ചേല്‍പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് സിദ്ധരാമയ്യ ; കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം

Jaihind Webdesk
Saturday, September 14, 2019

ഒരു രാജ്യം ഒരു ഭാഷ എന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്ക്കൊപ്പം ഹിന്ദി ഉപയോ​ഗിക്കുന്നത് വർധിപ്പിക്കണമെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വീറ്റിന് പിന്നാലെ പ്രതിഷേധവുമായി നേതാക്കള്‍ രംഗത്തെത്തി.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവും കർണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വ്യക്തമാക്കി. കന്നഡയും തമിഴും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദിയെന്നും ഹിന്ദി ദിനാചരണത്തെ എതിർക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഹിന്ദി ഔദ്യോഗിക ഭാഷയാണെന്ന് ഏത് ഭരണഘടനയിലാണ് പറഞ്ഞിട്ടുള്ളതെന്ന് കർണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ചോദിച്ചു. പ്രാദേശിക ഭാഷകളെ ഇല്ലാതാക്കാനുള്ള നീക്കമാണോ കേന്ദ്രം നടത്തുന്നതെന്ന ചോദ്യവുമായി ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും രംഗത്തെത്തി. അധികാരത്തിൽ എത്തിയത് മുതൽ ഹിന്ദി അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഒരു രാജ്യം ഒരു ഭാഷ എന്ന പ്രസ്താവന അമിത് ഷാ പിൻവലിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

സംസ്കാരവൈവിധ്യത്തെ അംഗീകരിക്കാത്ത ബി.ജെ.പിയുടെയും കേന്ദ്ര സർക്കാരിന്‍റെയും നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.