കൊറോണക്കെതിരായ യുദ്ധത്തിൽ എല്ലാ വിഭാഗീയതകളും മറന്ന് അതിജീവനത്തിനായി പോരാടാം; സിദ്ധരാമയ്യയ്ക്കെതിരായ വ്യാജ പ്രചരണത്തിനെതിരെ കെ.സി. വേണുഗോപാല്‍

Jaihind News Bureau
Thursday, April 2, 2020

കൊറോണയെന്ന മഹാമാരി മാനവരാശിയുടെ നിലനിൽപിനു മുൻപിൽ ഒരു വലിയ ചോദ്യ ചിഹ്നമായി നിൽക്കുന്ന ഇക്കാലത്തും ഈ വിപത്തിനെ നേരിടാൻ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നിൽക്കണമെന്നാവശ്യപ്പെട്ടവരുടെ മുഖപത്രം തന്നെ കേവല രാഷ്ട്രീയ മുതലെടുപ്പിനായി അസത്യങ്ങൾ പടച്ചു വിടുമ്പോൾ അതിലെ ഔചിത്യം പോലും ചിന്തിക്കുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കർണ്ണാടക മുൻ മുഖ്യമന്ത്രിയും ഇപ്പോൾ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ പ്രതികരണം എന്ന രീതിയില്‍ ദേശാഭിമാനി വാർത്ത പ്രസിദ്ധപ്പെടുത്തിയിരുന്നു. കോൺഗ്രസിനെ അടിക്കാനുള്ള വടിയാക്കി ഇതിനെ ഉപയോഗിക്കാന്‍ കഴിയും മുൻപേ ഇത് നിഷേധിച്ചു കൊണ്ട് സിദ്ധരാമയ്യയുടെ ട്വിറ്റർ സന്ദേശവും വന്നു. ഈ സാഹചര്യത്തിലായിരുന്നു കെ.സി. വേണുഗോപാലിന്‍റെ പ്രതികരണം.

മുഖ്യമന്ത്രിയുടെ പാർട്ടി പത്രം തന്നെ ഇത്തരം നിലവാരമില്ലാത്ത വേലകൾ കാട്ടുമ്പോൾ ഇക്കാര്യത്തിൽ അദ്ദേഹത്തിന്‍റെ നിലപാട് എന്താണെന്നു കൂടി കേരളത്തിലെ ജനങ്ങളോട് വിശദീകരിക്കണം . അതിനുള്ള ആർജ്ജവം മുഖ്യമന്ത്രി പ്രകടിപ്പിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറയുന്നു. കൊറോണ വ്യാപനം തടയാൻ എല്ലാവരും മുൻകരുതലെടുക്കണം എന്നതിനാവട്ടെ മുൻഗണന. മനുഷ്യത്വം മരിച്ചിട്ടില്ലാത്ത തലമുറയാകണം നമ്മുടേത്. മറിച്ച് ദുരന്തങ്ങൾക്കിടയിലും തമ്മിൽ പോരടിച്ച് ചോര കുടിക്കുന്ന ഒരു സമൂഹമായി കാലം നമ്മെ അടയാളപ്പെടുത്താതിരിക്കട്ടെ. കൊറോണക്കെതിരായ യുദ്ധത്തിൽ എല്ലാ വിഭാഗീയതകളും മറന്ന് അതിജീവനത്തിനായി പോരാടാമെന്നും കെ.സി. വേണുഗോപാല്‍ പറയുന്നു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം…

കൊറോണയെന്ന മഹാമാരി മാനവരാശിയുടെ നിലനിൽപിനു മുൻപിൽ ഒരു വലിയ ചോദ്യ ചിഹ്നമായി നിൽക്കുന്ന ഇക്കാലത്തും കേവല രാഷ്ട്രീയ മുതലെടുപ്പിനായി ശ്രമിക്കുന്ന സങ്കുചിത താല്പര്യക്കാരുണ്ട്. ഈ വിപത്തിനെ നേരിടാൻ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നിൽക്കണമെന്നാവശ്യപ്പെട്ടവരുടെ മുഖപത്രം തന്നെ കേവല രാഷ്ട്രീയ മുതലെടുപ്പിനായി അസത്യങ്ങൾ പടച്ചു വിടുമ്പോൾ അതിലെ ഔചിത്യം പോലും ചിന്തിക്കുന്നില്ല. കേരളത്തിൽ നിന്നും ഒരാളേയും കർണ്ണാടക അതിർത്തി കടക്കാൻ അനുവദിക്കരുതെന്നും നിയന്ത്രണങ്ങൾ ശക്തമാക്കണമെന്നും കോൺഗ്രസ് നേതാവും കർണ്ണാടക മുൻ മുഖ്യമന്ത്രിയും ഇപ്പോൾ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ പറഞ്ഞുവെന്നതായിരുന്നു ദേശാഭിമാനിയുടെ ഇന്നത്തെ ഭാവനാ സൃഷ്ടി. ഇത് ദേശാഭിമാനിയുടെ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തി കോൺഗ്രസിനെ അടിക്കാനുള്ള വടിയാക്കി കഴിയും മുൻപേ ഇത് നിഷേധിച്ചു കൊണ്ട് സിദ്ധരാമയ്യയുടെ ട്വിറ്റർ സന്ദേശവും വന്നു. അത്യാവശ്യമുള്ളതും അടിയന്തരവുമായ ആവശ്യങ്ങൾക്ക് പ്രത്യേകിച്ച് ചികിത്സാ സംബന്ധമായ കാര്യങ്ങൾക്ക് കാസർഗോഡുനിന്നും മംഗലാപുരത്തേക്ക് യാത്ര അനുവദിക്കണമെന്ന നിലപാട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത് ഇവിടെ ചേർത്തിട്ടുണ്ട്. നേരിന്‍റെ കണിക പോലുമില്ലാത്ത ഇത്തരം വ്യാജവാർത്തകൾ പടച്ചുവിടുന്നവരാണ് ദുരന്ത കാലത്തും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതെന്ന് എല്ലാവർക്കും വ്യക്തമായല്ലോ? രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നിൽക്കണമെന്നാവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ പാർട്ടി പത്രം തന്നെ ഇത്തരം നിലവാരമില്ലാത്ത വേലകൾ കാട്ടുമ്പോൾ ഇക്കാര്യത്തിൽ അദ്ദേഹത്തിന്‍റെ നിലപാട് എന്താണന്നു കൂടി കേരളത്തിലെ ജനങ്ങളോട് വിശദീകരിക്കണം . അതിനുള്ള ആർജ്ജവം മുഖ്യമന്ത്രി പ്രകടിപ്പിക്കുമെന്ന് കരുതുന്നു.

21 ദിവസക്കാലത്തേക്ക് ലോക് ഡൗൺ പ്രഖ്യാപിച്ച് രാജ്യം മുഴുവൻ ഭീതി മുനയിൽ കഴിയുമ്പോഴും ജാതി മത വേർതിരിവുകൾ സൃഷ്ടിച്ച് ഈ ദുരന്തത്തിനിടയിലും നടത്തുന്ന പ്രചരണങ്ങൾ മനുഷ്യ മനസാക്ഷിക്കു നിരക്കാത്തതാണെന്ന കാര്യം ആരും വിസ്മരിക്കരുത്. മതവും ജാതിയും രാഷ്ട്രീയവും തുടങ്ങി ഒരു ഭിന്നതയും പ്രകടിപ്പിക്കാനുള്ള അവസരമല്ലിത്. കൊറോണ വ്യാപനം തടയാൻ എല്ലാവരും മുൻകരുതലെടുക്കണം എന്നതിനാവട്ടെ മുൻഗണന. മനുഷ്യത്വം മരിച്ചിട്ടില്ലാത്ത തലമുറയാകണം നമ്മുടേത്. മറിച്ച് ദുരന്തങ്ങൾക്കിടയിലും തമ്മിൽ പോരടിച്ച് ചോര കുടിക്കുന്ന ഒരു സമൂഹമായി കാലം നമ്മെ അടയാളപ്പെടുത്താതിരിക്കട്ടെ. അതിനുള്ള വകതിരിവ് എല്ലാവർക്കുമുണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു. കൊറോണക്കെതിരായ യുദ്ധത്തിൽ എല്ലാ വിഭാഗീയതകളും മറന്ന് അതിജീവനത്തിനായി പോരാടാം.