സംസ്ഥാന വ്യാപകമായി ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയതിന് പിന്നാലെ, തൃശൂർ വാടാനപ്പള്ളിയിൽ പ്രത്യക്ഷപ്പെട്ട പുതിയ ഫ്ലക്സ് ബോർഡിനെച്ചൊല്ലിയുള്ള ദുരൂഹത നീങ്ങി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അനുകൂലിച്ചും 'സേവ് കോൺഗ്രസ്' എന്ന പേരിലും സ്ഥാപിച്ച ഫ്ലക്സിന് പിന്നിൽ സിപിഎം നേതാവാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവും പ്രദേശത്തെ സിപിഎം നേതാവുമായ അരവശ്ശേരി മുഹമ്മദാണ് രാത്രിയുടെ മറവിൽ ബോർഡ് സ്ഥാപിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.
പ്രദേശത്തെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന ധാരണയിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതെന്ന് സൂചിപ്പിക്കുന്ന മുഹമ്മദിന്റെ ശബ്ദസന്ദേശവും ഇതിനിടെ പുറത്തുവന്നു. വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിച്ച ഈ ശബ്ദസന്ദേശത്തിൽ ബോർഡ് സ്ഥാപിച്ചതിനെക്കുറിച്ച് ഇയാൾ സംസാരിക്കുന്നുണ്ട്. എന്നാൽ, ക്യാമറകൾ പ്രവർത്തിച്ചിരുന്നതിനാൽ രാത്രിയിൽ ബോർഡ് വെക്കുന്ന ദൃശ്യങ്ങൾ കൃത്യമായി ലഭിക്കുകയായിരുന്നു.
കോൺഗ്രസിനുള്ളിൽ വിഭാഗീയതയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കമാണിതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. സംഭവത്തിൽ വാടാനപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പാർട്ടി പ്രവർത്തകർ ഒന്നടങ്കം ഫ്ലക്സുകൾ നീക്കം ചെയ്യുന്ന ഘട്ടത്തിൽ ബോധപൂർവം പ്രകോപനം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് നേതാക്കൾ ആരോപിച്ചു.